കരുനാഗപ്പള്ളി: മയക്കുമരുന്ന് കേസിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനടക്കം രണ്ട് പേർ പിടിയിൽ. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വില്പനക്കായി കരുനാഗപ്പള്ളി കെ.എസ്.ആര്.ടി.സി ബസ്സ്റ്റാൻഡിനു സമീപം ലോഡ്ജില്‍ താമസിച്ചിരുന്നവരാണ് പിടിയിലായത്. പത്തനംതിട്ട കോന്നി മങ്ങാരം ഹലീന മൻസിലിൽ ആബിദ് (25), ചെങ്ങന്നൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഓഫിസ് അസിസ്റ്റൻറ് ആലുംകടവ് മരുതെക്ക് കാട്ടൂർ വീട്ടിൽ അജിംഷ (30) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസിന്റെ പരിശോധനയിൽ ഇവരിൽ നിന്ന് 50,000 രൂപ വിലവരുന്ന 10 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതായി സ്ഥിരീകരിച്ചു. വർഷങ്ങളായി ആബിദിന്റെ പക്കൽനിന്ന് അജിംഷ മയക്കുമരുന്ന് വാങ്ങുന്നതാണെന്നു പൊലീസ് വ്യക്തമാക്കി. ഒരുമാസം മുമ്പ് വിവാഹിതനായ അജിംഷ, ആരോഗ്യവകുപ്പ് ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചത് അടുത്തിടെയാണ്.
ഡാന്‍സാഫ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഇരുവരും അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സക്കറിയ കുരുവിള, എ. റഹീം, സുരേഷ്, സി.പി.ഒ അനിത, ജില്ല ഡാൻസാഫ് അംഗങ്ങൾ തുടങ്ങിയവരുടെ സംയുക്തമായ പരിശോധനയുടെ ഫലമായാണ് ഇരുവരെയും പിടികൂടിയത്. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.