
Crime
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞു; മദ്യലഹരിയിലായിരുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: തിരുവല്ല നിരണത്ത് സ്‌കൂള്‍ വിദ്യാർത്ഥികളുമായി പോയ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ നിരണം വില്ലേജ് ഓഫീസിനു സമീപത്തായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായത് നിരണം വെട്ടിയില്‍ ലക്ഷ്മിവിലാസത്തില്‍ അശോക് കുമാറാണ്.

വളഞ്ഞവട്ടം സ്റ്റെല്ല മാരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ച് വിദ്യാർത്ഥികളുമായി യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ നിയന്ത്രണം വിട്ട് റോഡിനരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് സമീപത്ത് പെയിന്റിങ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ ഉടൻ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട അഞ്ചു കുട്ടികൾ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.