തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് തോറ്റ് തുന്നം പാടിയ ഇടത് മുന്നണി , തിരുത്തൽ നടപടിയിലൂടെ വോട്ട് തിരിച്ച് പിടിയ്ക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഉപതിരഞ്ഞെടുപ്പ് അടുക്കാറായിട്ടും തിരുത്തൽ നടപടിയൊന്നും നടന്നിട്ടില്ല. ഇതോടെ എതിരാളികളെ തോൽപിക്കാൻ തക്കവണ്ണമുള്ള ഒരു മത്സരാർത്ഥിയെ തിരഞ്ഞെടുക്കുക എന്ന വലിയൊരു പ്രതിസന്ധിയായി സഖാക്കൾക്ക് ഉള്ളിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിന്റെ സോഷ്യൽ മീഡിയ കൺവീനറായി പ്രവർത്തിച്ചിരുന്നു പി സരിൻ പാർട്ടിയിൽ നിന്ന് പുറത്ത് പോയത്. സീറ്റ് മോഹിച്ചല്ല താൻ സിവിൽ സർവ്വീസ് പോലൊരു ഉന്നത ജോലി ഉപേക്ഷിച്ച് പാർട്ടിയിൽ ചേർന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയ പി സരിന്റെ പ്രവർത്തനങ്ങളൊക്കെ തന്നെ സീറ്റ് മോഹിച്ചാണ് എന്ന അഭിപ്രായമാണ് പലരിലും ഉയരുന്നത്.
സീറ്റ് മോഹിച്ചല്ല താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുമ്പിൽ നെടുനീളൻ ഡൈലോഗടിച്ച സരിന് മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറാനും സ്ഥാനാർത്ഥിയാകാം എന്ന് പറയാനും ഇരുപത്തിനാലു മണിക്കൂർ പോലും വേണ്ടി വന്നില്ല എന്നുള്ളതാണ് വസ്തുത. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ തല പുണ്ണാക്കുന്ന ഇടത് മുന്നണിയ്ക്ക് അവസാനമായി കിട്ടിയ പിടിവള്ളിയായി പി സരിൻ. പി സരിനെ പോലെരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയുടെ ഗതികേടാണെന്നും കോൺഗ്രസിൽ നിന്ന് സ്വന്തം വളർച്ച മാത്രം ലക്ഷ്യം വച്ച് ഓരോ കരുക്കളും നീക്കി ഒടുക്കം , പാർട്ടിക്കൊപ്പം നിൽക്കേണ്ടുന്ന സമയത്ത് തന്നെ പാലു കൊടുത്ത കൈക്ക് തിരിഞ്ഞി കൊത്തി പോയ ആളാണ് പി സരിനെന്നും എല്ലാം കൃത്യമായി മനസ്സിലാക്കിയിട്ടും പാർട്ടി അയാളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അത്ഭുതമില്ല. കാപ്പാ കേസ് പ്രതികളെ പോലും മാലയിട്ട് സ്വീകരിക്കുന്ന പ്രസ്ഥാനത്തിലേക്ക് പി സരിനെ പോലൊരു രാഷ്ട്രീയ പ്രവർത്തകനെ സ്വീകരിക്കുന്നതിൽ എന്ത് അത്ഭുതം. ജനങ്ങൾക്ക് ഇതൊന്നും അത്ഭുതമായി തോന്നിയതേ ഇല്ല.
പക്ഷേ വന്ന് കേറിയ അന്ന് മുതൽ പാർട്ടിയ്ക്ക് തീരാ തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ് പി സരിൻ. മുതിർന്ന നേതാക്കളൊക്കെ പാർട്ടിയിലുണ്ടായിട്ടും പാർട്ടിയിൽ വന്ന് കയറി പിറ്റേ ദിവസം തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാ സരിനോട് പാർട്ടി അംഗങ്ങൾക്കും , പാർട്ടിയിൽ ഒരു സീറ്റ് മോഹിച്ച് നിന്ന നേതാക്കന്മാർക്കും അസ്വസ്തത ഉണ്ടാക്കി എന്നത് ഒന്നാമത്. ഇനി രണ്ടാമത്തേതാണ് പ്രധാന വിഷയം . പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്ഥാവനയാണ് കഴിഞ്ഞ ദിവസം സരിൻ ഉന്നയിച്ചത്.
വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയം ഇടത് അനുവാദത്തോട് കൂടെയെന്നായിരുന്നു ആദ്യ പരാമർശം. ‘ഷാഫിയെ നിഷേധിക്കാൻ ഇടതുപക്ഷം 2021ലേ തീരുമാനിച്ചിരുന്നുവെങ്കിൽ സ്ഥിതി മാറുമായിരുന്നു. ആ വോട്ടില്ലായിരുന്നെങ്കിൽ ഷാഫിക്ക് ജയിച്ച് കയറാൻ സാധിക്കില്ലായിരുന്നു. അന്നത്തെ സ്ഥാനാർഥി പ്രമോദേട്ടനാണ് എന്റെ കൂടെയുള്ളത്. അവർക്ക് അതിൽ ഒട്ടും കുറ്റബോധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. ശ്രീധരൻ ജയിക്കും ശ്രീധരൻ ജയിക്കും എന്ന് പറഞ്ഞ് ഈ മനുഷ്യനെ പരാജയപ്പെടുത്തിയ ആളാണ് ഷാഫി പറമ്പിൽ. ഈ മനുഷ്യന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിനുള്ള കണക്ക് ചോദിക്കൽ കൂടിയാണ്. ഇത്തവണ സി.പി.എം സഹയാത്രികർ ഷാഫി പറമ്പിലിനുള്ള നിഷേധ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു’- പി സരിൻ പറഞ്ഞു.
എന്നാൽ നിമിശങ്ങൾക്കുള്ളിൽ വിഷയത്തിൽ പാർട്ടിയിടപെട്ടതോടെ തന്റെ വാക്കുകളെ വളച്ചൊടിച്ച് പാർട്ടിയ്ക്ക് അനുകൂലമാകുന്ന പ്രസ്ഥാവനയാക്കി പി സരിൻ. ഇതൊക്കെ പാർട്ടിയ്ക്കുള്ളിൽ അഭിപ്രായ ഭിന്നതയ്ക്ക് ശക്തി പകരാൻ കാരണമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. അതേ സമയം പി സരിൻ പ്രവർത്തനം കാരണം സിപിഎം അനുഭവിക്കാൻ പോകുന്നതേ ഉള്ളൂ എന്നാണ് വിഡി സതീശന്റെ പ്രതികരണം.