കൊച്ചി : മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെതിരെ സുപ്രധാന തെളിവുകൾ ശേഖരിച്ച് ഇഡി. വിദേശത്തുനിന്നും മസാല ബോണ്ട് പുറപ്പെടുവിച്ച തീരുമാനത്തിന്റെ പ്രധാന പങ്കാളി തോമസ് ഐസക്കാണെന്ന് വ്യക്തമാക്കുന്ന രേഖകളും , മൊഴികളുമാണ് ഇഡി ശേഖരിച്ചത്. ഗവേണിംഗ് ബോഡിയുടെയും, എക്‌സിക്യുട്ടീവ് കമ്മറ്റികളുടെയും വിവരങ്ങളും പൂർണമായും ഇഡി ശേഖരിച്ചിട്ടുണ്ട്.
ധനമന്ത്രി എന്ന നിലയിൽ കിഫ്ബിയുടെ വൈസ് ചെയർമാനും, എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയർമാനുമായിരുന്നു തോമസ് ഐസക്. വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിച്ചതിലൂടെ 2150 കോടി രൂപയാണ് സമാഹരിച്ചത്. 100 കോടി രൂപ വരെ ചിലവ് വരുന്ന പദ്ധതികൾക്ക് എക്‌സിക്യുട്ടീവ് കമ്മിറ്റിയും, ഇതിലധികം തുക അനുവദിക്കേണ്ട പദ്ധതികൾക്ക് ജനറൽ ബോഡിയുമാണ് അനുമതി നൽകിയിരുന്നതെന്നായിരുന്നു കിഫ്ബിയുടെ വിശദീകരണം.
അതേ സമയം ഇ ഡി അന്വേഷണവുമായി തുടർച്ചയായി നിസഹകരിക്കുന്ന തോമസ് ഐസക്കിന്റെ വിശദമായ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിയാത്തത് അന്വേഷണ പുരോഗതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കേസിൽ തനിക്കെതിരായ ഇ ഡി അന്വേഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള തോമസ് ഐസക്കിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി എട്ടുതവണ ചോദ്യം ചെയ്യലിനെത്താൻ സമൻസുകൾ അയച്ചിട്ടും തോമസ് ഐസക് ഒരു തവണ പോലും ഹാജരായിട്ടില്ല.