
യുവാക്കളുടെ തൊഴിൽസ്വപ്നങ്ങൾ ഹുദാ വഹാ ! ഒഴിവുകൾ പി.എസ്.സിക്ക് വിടാതെ കെ.എസ്.ആർ.ടി.സിയിൽ 2560 താത്‌കാലിക നിയമനം
തിരുവനന്തപുരം : 2560 തസ്തികളിൽ താൽക്കാലിക നിയമനവുമായി കെ.എസ്.ആർ.ടി.സി. ഒറ്റ ഒഴിവും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെയാണ് കെ.എസ്.ആർ.ടി.സിയുടെ ഈ നീക്കം. ഇതിലൂടെ നിരവധി യുവാക്കളുടെ തൊഴിൽ സ്വപ്നമാണ് ഇല്ലാതായിരിക്കുന്നത്.
ബസുകളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരെ കുറയ്ക്കാൻ 2018 മുതൽ അഞ്ചു വർഷം വരെ നിയമമുണ്ടായിരുന്നു. എന്നാൽ ഈ കാലയളവിൽ ഒഴിവുകളുണ്ടാകുകയും കെ.എസ്.ആർ.ടി.സി ജീവനക്കാരെ പുനർവിന്യസിപ്പിക്കുകയും ചെയ്തു. ഇതിലൂടെ സ്ഥിരം ജീവനക്കാരുടെ എണ്ണം കുറയുകയായിരുന്നു. എന്നാൽ 2023ൽ നിരോധനം അവസാനിച്ചു.
തുടർന്ന് 2560 പേരാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വിരമിച്ചത്. എന്നാൽ ഈ ഒഴിവുകളൊന്നും കെ.എസ്.ആർ.ടി.സി പി. എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. റിസർവ് ഡ്രൈവർ, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ, മെക്കാനിക് എന്നീ തസ്തികളിലാണ് താൽക്കാലിക നിയമനം നടത്തുന്നത്. ഇതിന് എല്ലാ യൂണിറ്റ്, മേഖലാ അധികാരികൾക്കും സി.എം.ഡി നിർദ്ദേശം നൽകിയിരിക്കുകയാണ്.
1675 ഡ്രൈവർ, 410 മെക്കാനിക്ക്, 48 അസിസ്റ്റന്റ് ഡിപ്പോ എൻജിയർ തസ്തികകളും ഉണ്ട്. അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ പ്രൊമോഷൻ തസ്‌തികയാണ്. അതും താൽക്കാലിക നിയമനമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. ഇവയൊന്നും കൂടാതെ ഇനിയുണ്ടാകുന്ന റിട്ടയർമെന്റ് ഒഴിവുകളിലും താൽക്കാലിക നിയമനമായിരിക്കും നടത്തുക.
അതേസമയം, 2018ലാണ് ഒടുവിൽ പി.എസ്.സി നിയമനം നടന്നത്. അഡ്വൈസ് മെമ്മോ കിട്ടിയിട്ടും നിയമനം ലഭിച്ചില്ലെന്ന് കാട്ടി ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ച ശേഷമാണ് അന്ന് നിയമനം നടത്തിയത്. അന്ന് 1350 റിസർവ് കണ്ടക്ടർമാരെ നിയമിച്ചിരുന്നു.