“സർക്കാർ ശമ്പളത്തിൽ ജോലി ഇനിയുണ്ടാകില്ല : എഡിഎമ്മിന്റെ മരണത്തിൽ പ്രശാന്തനെതിരെ നടപടിയെന്ന്” ആരോ​ഗ്യമന്ത്രി

health minister veena george

തിരുവനന്തപുരം : കണ്ണൂർ എഡിഎമ്മിന്റെ മരണത്തിന് പിന്നാലെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെതിരെ നടപടി ഉണ്ടാകും. പരിയാരം മെഡിക്കൽ കോളേജിൽ താൽകാലി ജോലിക്കാരനായിരുന്നു പ്രശാന്തിനെ ഇനി സർക്കാർ ശമ്പളത്തിൽ ജോലി ചെയ്യാനനുവദിക്കില്ല എന്ന നിലപാടിലാണ് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താൽക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല. ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്തൻ ആണോ എന്ന് അറിയില്ല. സംഭവത്തിന് ശേഷം അയാൾ ജോലിക്ക് വരുന്നില്ല. നവീൻ ബാബുവിനെ ഞാൻ വിദ്യാർത്ഥി കാലം മുതൽ അറിയാവുന്ന അയാളാണ്. കളവ് ചെയ്യില്ലെന്ന് ഉറപ്പാണ്. നവീന്റെ കുടുംബത്തോട് നീതി ചെയ്യും. പ്രശാന്തൻ സർക്കാരിന്റെ ശമ്പളം വാങ്ങിക്കില്ല. അതിൽ ഒരു ആശയക്കുഴപ്പവും ഇല്ല. നവീൻ ബാബുവിന്റെ കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ല. പാർട്ടി സെക്രട്ടറി എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേ സമയം പെട്രോള്‍ പമ്പിന് എൻഒസി നല്‍കുന്നതില്‍ ഫയല്‍ വൈകിച്ചതിനും കൈക്കൂലി വാങ്ങിയതിനും തെളിവില്ലെന്നാണ് ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് . കൂടാതെ പെട്രോള്‍ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ട ഫയല്‍ അനുവദനീയമായതില്‍ കൂടുതല്‍ ദിവസം നവീൻ ബാബു കൈവശം വച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഫയലുകൾ പരിശോധിച്ചതിന്റെയും ജീവനക്കാരുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇനി പരാതിക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. അതിന് ശേഷം ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീത റവന്യു മന്ത്രി കെ. രാജന് റിപ്പോർട്ട് സമർപ്പിക്കും. പമ്പ് സ്ഥാപിക്കുന്നയിടത്ത് വളവുണ്ടെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗത്തോട് എഡിഎം റിപ്പോർട്ട് തേടിയത്. സെപ്റ്റംബർ 30നായിരുന്നു സംഭവം.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ എല്ലാം തന്നെ ടൗണ്‍ പ്ലാനിംഗിന് നേരത്തെ കൈമാറിയിരുന്നു. റോഡിന്‍റെ വീതി കൂട്ടുന്നതിനുള്ള ശുപാർശ നിലവിലുണ്ടെന്നും റോഡിന് വീതി കൂട്ടിയാല്‍ വളവ് ഇല്ലാതാകുമെന്നും ഒക്ടോബർ ഏഴിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇവരുടെ മറുപടി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ വൈകാതെ ഫയലില്‍ എഡിഎം തീരുമാനമെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതിനാൽ തന്നെ നടപടിക്രമം പാലിച്ചു ഫയലില്‍ തീരുമാനമെടുത്ത നവീൻ ബാബു കൈക്കൂലി വാങ്ങിയതായി പറയാനാകില്ല. കൈക്കൂലിക്കായി ഫയല്‍ നവീൻ ബാബു നീട്ടിവച്ചിട്ടില്ല. നേരത്തേ റവന്യു വകുപ്പു നടത്തിയ പ്രാഥമിക പരിശോധനയിലും എഡിഎം ഫയല്‍ വൈകിച്ചില്ലെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, ജോയിന്‍റ് കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാകും സർക്കാർ തുടർ നടപടി കൈക്കൊള്ളുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments