കൊച്ചി : ശബരിമലയിലെ ഭക്തരുടെ ദുരിതത്തിന് പിന്നിൽ പോലീസിലെ ചേരിപ്പോരെന്ന് റിപ്പോർട്ട്. ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോൾ തിരക്ക് നിയന്ത്രിക്കുന്നതിലും സുഗമമായ ദര്‍ശനം ഒരുക്കുന്നതിലും പൊലീസിന് വീഴ്ച പറ്റിയതായി ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോർട്ട് ചെയ്യുന്നത്.
ശബരിമലയിലെ തിരക്ക് വെര്‍ച്ചല്‍ ക്യൂ ബുക്കിങ്ങിലൂടെ തന്നെ നേരത്തെ മനസിലാക്കിയിരുന്നു. എന്നിട്ടും മതിയായ പോലീസുകാരെ ബന്ധപ്പെട്ടവർ ഏർപ്പാടാക്കിയില്ല. ഇതിന് പിന്നില്‍ പോലീസിലെ ചേരിപ്പോരാണെന്നാണ് ഉയരുന്ന ആരോപണം. വെള്ളി, ശനി ദിവസങ്ങളില്‍ സന്നിധാനത്ത് നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. അതേസമയം, ശബരിമല പോലീസ് കണ്‍ട്രോള്‍ റൂമില്‍ വര്‍ഷങ്ങളായി ഡ്യൂട്ടി നോക്കുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്രയും തിരക്കുണ്ടായിരുന്നിട്ടും ഇരുന്നൂറില്‍ താഴെ പോലീസുകാരെ മാത്രമാണ് മൂന്ന് ഷിഫ്റ്റിലായി ശബരിമലയിൽ ഡ്യൂട്ടിക്ക് എത്തിയത്. അതിനാൽ തന്നെ എസ്പി റാങ്കിലുള്ള ഒരു പോലീസ് സ്‌പെഷല്‍ ഓഫീസറും ഡിവൈഎസ്പി റാങ്കിലുള്ള ഒരു എഎസ്‌ഒയും ഉള്‍പ്പെടെയുള്ള ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരക്ക് നിയന്ത്രിക്കാനായില്ല. അതേസമയം, ബുക്ക് ചെയ്യുന്നവര്‍ എല്ലാവരും വരില്ലെന്നായിരുന്നു ഉന്നത ഉദ്യോസ്ഥരെ ചിലർ ധരിപ്പിച്ചത്.
സാധാരണ പോലീസ് ആസ്ഥാനത്ത് നിന്നോ പത്തനംതിട്ട എസ്പി ഓഫീസില്‍ നിന്നോ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് ശബരിമല ഡ്യൂട്ടിക്ക് പോലീസുകാരെ നിയോഗിക്കുക. എന്നാല്‍ ഇപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ ഒരു ഉത്തരവുമില്ലാതെ ഡ്യൂട്ടി നോക്കാന്‍ എത്തുന്ന ഒരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പറയുന്നത് കേട്ട് മാത്രം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി നിശ്ചയിക്കുന്ന സ്ഥിതിയാണുള്ളതെന്നും ആക്ഷേപമുണ്ട്.
കൂടാതെ ഭക്തർക്ക് കുടിവെള്ളം കൊടുക്കാനോ ലഘുഭക്ഷണം നല്‍കാനോ ഉള്ള സംവിധാനം പോലും ദേവസ്വം ബോര്‍ഡും ഒരുക്കിയില്ല. മണിക്കൂറുകൾ ക്യൂവില്‍ കാത്ത് നിന്നിട്ടും അയ്യപ്പദര്‍ശനം ലഭിച്ചില്ലെന്നും പരാതിയുണ്ട്.