
നേര്യമംഗലത്ത് കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞ് പെൺകുട്ടിക്ക് ദാരുണാന്ത്യം
ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പെൺകുട്ടിക്ക് ദാരുണാന്ത്യം. കീരിത്തോട് സ്വദേശിനി 14 വയസ്സുള്ള അനീറ്റ ബെന്നിയാണ് മരിച്ചത്. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്. 15 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസിന് മുൻവശത്തെ സീറ്റിലിരുന്ന പെൺകുട്ടി അപകട സമയം ചില്ല് തകർത്ത് പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
കട്ടപ്പനയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് ആണ് മറിഞ്ഞത്. പരിക്കേറ്റ യാത്രക്കാരെ കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസിനടിയില്‍പ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. ബസ് നിലവിൽ താഴ്ചയിൽ തന്നെ കിടക്കുകയാണ്. മറ്റൊരു കെഎസ്ആർടിസി ബസിലാണ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്.