
ഹമാസിന്റെ അടുത്ത തലവൻ ആരാകും; കാത്തിരിക്കുന്നത് അഞ്ച് പേർ
ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് തലവനായ യഹ്യാ സിൻവാർ കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെ, ഹമാസ് നേതൃത്വത്തിൽ ഇനി ആരാകും തലവനെന്ന ചോദ്യം ഉയരുകയാണ്. 2023 ഒക്‌ടോബർ 7 -നു ഇസ്രയേലിൽ ഹമാസിന്റെ കടന്നാക്രമണത്തിൽ, 1200 ഇസ്രയേൽ സ്വദേശികൾ മരിക്കാനിടയായതിന്റെ മാസ്റ്റർ മൈൻഡ് ആണ് യഹ്യ സിൻവാർ. 250 പേരെ ബന്ധനത്തിലാക്കി ഗാസയിലേക്ക് കൊണ്ടുവരികയും ചെയ്‌തു. ഇയാളുടെ മരണത്തോടെ ഇറാൻ ഭീകരവാദത്തിന്റെ അച്ചുതണ്ടാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. എന്നാൽ, ഗാസയിൽ പോരാട്ടം കണക്കുന്ന ഈ ഒരു സമയത്ത് ആരാകും ഇനി ഹമാസ് നേതൃത്വം ഏൽക്കുന്നതെന്നതിൽ വ്യക്തതയില്ല. അഞ്ച് ഉന്നത തലത്തിലെ നേതാക്കളെയാണ് സിൻവറുടെ പിൻഗാമിയായി പരിഗണിക്കാനിരിക്കുന്നത്.
ഇവർ ആരൊക്കെ എന്നത് ഒന്ന് നോക്കാം
മഹ്മൂദ് അൽ-സഹർ: ഹമാസിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ ഇദ്ദേഹം, കടുത്ത നിലപാടുകൾ എടുക്കുന്നതിൽ പേര് കേട്ട വ്യക്തിയാണ്. ഗാസയിൽ ഹമാസിൻ്റെ തീവ്രവാദ പ്രതിരോധവും ഭരണ തന്ത്രങ്ങളും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സിൻവാറിൻ്റെ സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള മുൻനിര സ്ഥാനാർത്ഥിയായാണ് അൽ-സഹറിനെ കണക്കാക്കുന്നത്. 2006ലെ പാലസ്‌തീനിലെ തിരഞ്ഞെടുപ്പിന് പിന്നാലെ ആദ്യ വിദേശകാര്യ മന്ത്രിയായിരുന്നു.
മുഹമ്മദ് സിൻവാർ: യഹ്യ സിൻവാറിൻ്റെ സഹോദരനായ മുഹമ്മദ് ഹമാസിൻ്റെ സൈനിക വിഭാഗത്തിലെ ഒരു പ്രധാന കണ്ണിയാണ്. നിരവധിപേരാണ് മുഹമ്മദ് ഗ്രൂപ്പിന്റെ തലപ്പത്തെത്തും എന്ന് പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിൻ്റെ തീവ്രവാദ സമീപനത്തിൽ തുടർച്ച നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. തൻ്റെ സഹോദരനെപ്പോലെ തന്നെ മുഹമ്മദും കടുത്ത നിലപാടാണ് പിന്തുടരുന്നതും. യാതൊരു വിട്ടുവീഴ്‌ചയുമില്ലാത്ത ഒരാളാണ് ഇയാൾ. കൂടാതെ നിരവധി വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഇയാൾ തലപ്പത്തെത്തുകയാണെങ്കിൽ പശ്ചിമേഷ്യയിൽ സമാധാനം എന്നത് കാണില്ലെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.
മൗസ അബു മർസൂഖ്: ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ മുതിർന്ന അംഗമാണ് അബു മർസൂഖ്. ഗ്രൂപ്പ് സ്ഥാപിക്കുന്നതിന് സഹായിക്കുകയും അതിൻ്റെ സാമ്പത്തിക, സംഘടനാ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. 90കളിൽ അമേരിക്ക ഇയാളെ ജയിലിൽ അടച്ചിരുന്നു. പിന്നീട് നാടുകടത്തി ജോർദാനിലെത്തിയിരുന്നു. പ്രവാസത്തിൽ കൂടുതൽ സമയവും ചിലവഴിച്ചെങ്കിലും, ഹമാസുമായുള്ള അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള ബന്ധം അദ്ദേഹത്തെ നേതൃത്വത്തിലെത്തിക്കാൻ സഹായിച്ചേക്കാം.
ഖലീൽ അൽ-ഹയ്യ: ഖത്തറിൽ താമസമാക്കിയിരിക്കുന്ന ഇയാൾ മുൻകാല വെടിനിർത്തൽ ചർച്ചകളിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ഉന്നതതല ചർച്ചകളിൽ പരിചയസമ്പന്നനായ അദ്ദേഹം ഇസ്രായേൽ വ്യോമാക്രമണത്തെ അതിജീവിച്ച വ്യക്തിയാണ്. 2014ൽ ഇസ്രയേലുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെടാൻ ഇടയായത് അൽ ഹയ്യയുടെ നയതന്ത്ര ബുദ്ധിയാണെന്നാണ് ലഭിക്കുന്ന വിവരം. ഖലീൽ നേതൃസ്ഥാനത്ത് എത്തുകയാണെങ്കിൽ ഹമാസിനോട് കൂടുതൽ നയതന്ത്ര സമീപനം സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.
ഖാലിദ് മഷാൽ: 2006 നും 2017 നും ഇടയിൽ ഒരു ദശാബ്ദത്തിലേറെയായി ഹമാസിനെ നയിച്ച മഷാൽ, ഗ്രൂപ്പിനുള്ളിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായി തുടരുകയാണ്. നിലവിൽ ഖത്തർ കേന്ദ്രീകരിച്ച്, ഹമാസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക, രാഷ്ട്രീയ നാഴികക്കല്ലുകൾക്ക് മഷാൽ മേൽനോട്ടം വഹിച്ചു. സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ-അസാദിനെതിരായ അദ്ദേഹത്തിൻ്റെ പരസ്യമായ എതിർപ്പ് ഹമാസിൻ്റെ പ്രധാന പിന്തുണക്കാരനായ ഇറാനുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം വഷളാക്കിയിരുന്നു.