News

ചേലക്കരയും വയനാടും പോളിങ് ആരംഭിച്ചു; ബൂത്തുകളിൽ നീണ്ട നിര

തൃശൂർ/വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പോളിങ് ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ ബൂത്തുകളില്‍ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. 23നാണ് വോട്ടെണ്ണല്‍. രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി ആദ്യമായി ജനവിധി തേടുന്ന മത്സരമാണ് വയനാട്ടിലേത്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണ് ചേലക്കര പുതിയ എംഎൽഎയെ തിരഞ്ഞെടുക്കുന്നത്. പാലക്കാട് 20നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് 43 മണ്ഡലങ്ങളിലാണ് പോളിങ്.

രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. നിശബ്ദ പ്രചാരണദിനമായ ഇന്നലെ സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപും യു.ഡി.എഫിന്റെ രമ്യാ ഹരിദാസും നേർക്കുനേർ ഏറ്റുമുട്ടുന്ന ചേലക്കരയിൽ കെ. ബാലകൃഷ്ണനാണ് ബി.ജെ.പിക്കായി കളത്തിലിറങ്ങിയത്.

മറ്റു സംസ്ഥാനങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പുണ്ട്: അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6). തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പരീക്ഷണമായ ‘ജൻ സുരാജ് പാർട്ടി’ ആദ്യമായി ജനവിധി തേടുന്ന തിരഞ്ഞെടുപ്പാണ് ബിഹാറിലേത്.

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എം.പി സ്ഥാനം രാജിവച്ച വയനാട്ടിൽ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.ഐയുടെ മുതിർന്ന നേതാവ് സത്യൻ മൊകേരി എൽ.ഡി.എഫിനായും, ബി.ജെ.പിയുടെ നവ്യഹരിദാസാണ് എൻ.ഡി.എയ്‌ക്കായും കളത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *