
പാല്‍ഘര്‍: മഹാഷ്ട്രയില്‍ യുവതിയെ കൊന്ന കേസില്‍ ഭര്‍ത്താവും സഹോദരനും അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. 21 കാരിയായ ഖുര്‍ഷിദയാണ് ദാരുണമായി മരണപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. സംഭവ ദിവസം ഖുര്‍ഷിദയുടെ ഭര്‍ത്താവായ ഇസ്മായില്‍ ചൗധരി(27) ഭാര്യയോട് വഴക്കിട്ടിരുന്നു. ദേഷ്യം വന്നപ്പോള്‍ ഇയാള്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
പിന്നാലെ തന്റെ സഹോദരന്റെ വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോയി. തുടര്‍ന്ന് ഖുര്‍ഷിദയ്ക്ക് കുറച്ച് നാളുകളായി അസുഖം ബാധിച്ചിരുന്നുവെന്നും ഇത് മൂലമാണ് മരണം ഉണ്ടായതെന്നും ഖുര്‍ഷിദയുടെ സഹോദരനടക്കം എല്ലാ ബന്ധുക്കളോടും ഇസ്മായില്‍ പറഞ്ഞു. മാത്രമല്ല, യുവതിയുടെ പേരില്‍ വ്യാജമരണ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി. എല്ലാത്തിനും പിന്തുണയുമായി ഇസ്മായിലിന്റെ സഹോദരനും ഉണ്ടായിരുന്നു.
ആരോഗ്യവതിയായ ഖുര്‍ഷിദയുടെ മരണത്തില്‍ സംശയിച്ച ബന്ധുക്കള്‍ അസ്വഭാവിക മരണം ആരോപിച്ച് നൈഗാവ് പോലീസില്‍ പരാതി നല്‍കി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇസ്മായിലും സഹോദരനും അറസ്റ്റിലായത്.