താനെ: കുഞ്ഞിനെ കൃത്യമായി നോക്കാത്തതിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലായിരുന്നു സംഭവം. കൊല നടന്നതിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിക്കി ബാബന്‍ ലോണ്ടെ എന്ന 27 കാരനാണ് ഒരു വയസുള്ള മകളെ ഭാര്യ പരിചരിച്ചില്ലെന്ന കാരണത്താല്‍ കൊലപ്പെടുത്തിയത്.
മൂന്ന് വര്‍ഷം മുന്‍പായിരുന്നു ലോണ്ടെയും ഭാര്യ രൂപാലിയും വിവാഹം കഴിച്ചത്. ഇവര്‍ അംബര്‍നാഥ് പട്ടണത്തിലെ പലേഗാവ് പ്രദേശത്താണ് താമസിച്ചിരുന്നത്. ഒരു വയസുള്ള മകളും ലോണ്ടെയും രൂപാലിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകളെ വേണ്ട വിധം പരിചരിക്കാത്തതു കൊണ്ട് തന്നെ ഭാര്യയുമായി ലോണ്ടെ വഴക്കിടുന്നത് പതിവായിരുന്നു. മകളുടെ കാര്യത്തില്‍ പിതാവ് വളരെ അസ്വസ്ഥനുമായിരുന്നു.
ഒക്ടോബര്‍ എട്ടിനാണ് വീട്ടില്‍ വെച്ച് ലോണ്ടെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ 26 കാരിയായ രൂപാലിയുടെ കഴുത്തും ഇയാള്‍ അറുത്ത് മാറ്റി. ലോണ്ടെയെ കണ്ടത്താനായി പോലീസ് ശക്തമായ തിരച്ചില്‍ നടത്തി. പിന്നീട് വാരണാസിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ താനെയിലേയ്ക്ക് കൊണ്ടുവരാനാണ് പോലീസ് തീരുമാനമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.