കണ്ണൂർ : മുൻ എഡിഎമ്മിന്റെ ആത്മഹത്യയിൽ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ. തലശേരി പ്രിൻസിപ്പൽ സെഷൻ കോടതിയിലാണ് മുൻകൂർ ജാമ്യ ഹർജി നൽകിയിരിക്കുന്നത്. യോഗത്തിലേയ്ക് തന്നെ ക്ഷണിച്ചത് കളക്ടറാണെന്നും പ്രസംഗം സസുദ്ദേശപരമായിട്ടാണെന്നും ജാമ്യ ഹർജിയിൽ ദിവ്യ പറഞ്ഞു. നാളെ കോടതി ഹർജി പരിഗണിക്കുന്നതാണ്.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ദിവ്യ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിൽ അറസ്റ്റിനുള്ള സാധ്യതയുള്ളതിനാൽ അറസ്റ്റ് തടയണമെന്ന് ദിവ്യ ഹർജിയിൽ ആവശ്യപ്പെടുന്നു.
കളക്ടറേറ്റ് കെട്ടിടത്തില്‍ നടന്ന മറ്റൊരു പരിപാടിയില്‍ പങ്കെടുക്കവെയാണ് കളക്ടർ അരുൺ കെ വിജയൻ ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയിൽ പറയുന്നു. അവിടെ എത്തിയ തന്നോട് ഉടൻ തന്നെ സംസാരിക്കുന്നതിന് കളക്ടർ നിര്‍ദേശിച്ചതായും ദിവ്യ ഹർജിയിൽ വ്യക്തമാക്കുന്നു.
കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സംസാരിക്കവെ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞതെന്നും, അത് നല്ലൊരു ഉദ്ദേശത്തോടെ മാത്രമായിരുന്നുവെന്നും ദിവ്യയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. തന്റെ പ്രസംഗത്തില്‍ ആത്മഹത്യയ്ക്ക് പ്രേരണയുണ്ടായിരുന്നില്ല. ഒരു അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് ഉത്തരവാദികളായവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണെന്ന് അവര്‍ വ്യക്തമാക്കുന്നത്.
ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് കേസിലുള്ളത്. എഡിഎമ്മിന്റെ മരണം വിവാദമായതിനു പിന്നാലെ, കണ്ണൂര്‍ ടൗണ്‍ പോലീസ് ദിവ്യയെ പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നു സിപിഎം നീക്കിയത്.