InternationalNews

യുദ്ധം കനക്കുന്നു; തലവന്മാർ ബങ്കറിനുള്ളിൽ

ഇറാനുനേരെയുള്ള ഇസ്രായേലിന്റെ വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സുരക്ഷിത താവളങ്ങളിലേക്ക് മാറി. ഇറാൻ തിരിച്ചടി നൽകിയേക്കാം എന്നത് മുന്നിൽ കണ്ടാണ് നീക്കം. പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം, പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിതകേന്ദ്രത്തിലോട്ട് മാറിയിട്ടുണ്ട്.

ആക്രമണം നടക്കുന്നതിനിടെ ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിർയയിലുള്ള സൈനിക താവളത്തിലെ ബങ്കറുകളിലാണ് ഇവർ ഇന്നു പുലർച്ചെ കഴിഞ്ഞതെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇരു നേതാക്കളും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു.

അതേസമയം,തിരിച്ചടി നേരിടാൻ സജ്ജമാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാന്റെ നിരന്തര പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇസ്രയേൽ വ്യക്തമാക്കി. ടെഹ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്രസ്‌ഫോടനങ്ങളുണ്ടായി.

സ്‌ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ സ്‌ഫോടനത്തിൽ തകർന്നു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്.

ഇറാന്റെ സൈനിക കേന്ദ്രങ്ങൾ അടക്കം ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ ആക്രമണം വീണ്ടും യുദ്ധം രൂക്ഷമാക്കുന്നതിന് ഇടയാക്കും. പത്ത് സെക്കന്റിന്റെ വ്യത്യാസത്തിൽ ടെഹ്‌റാനിൽ മാത്രം അഞ്ചിലധികം വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയും ആക്രമണ വാർത്ത സ്ഥിരീകരിക്കുന്നുണ്ട്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രയേലിൻറെ ആക്രമണം നടന്നിട്ടുണ്ടെന്നും ഇസ്രയേലിനുനേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുള്ള മറുപടിയാണിതെന്നും ദേശീയ സുരക്ഷ കൗണ്‌സിൽ വക്താവ് പറഞ്ഞു.

ഒക്ടോബർ ഒന്നിന് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിൽ ഇറാൻ നടത്തിയ അപ്രതീക്ഷിത മിസൈൽ ആക്രമണത്തിൽ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *