NewsPolitics

കോൺഗ്രസ് വിട്ടത് സിപിഎമ്മിനെ മുതലെടുക്കാൻ

കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയിരിക്കുന്ന പി. സരിൻ്റെ ലക്ഷ്യം ഒറ്റപ്പാലം സീറ്റെന്ന് സൂചന. 2026 ൽ ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിലെ സി പി എം സ്ഥാനാർത്ഥി കസേരയാണ് സരിൻ്റെ ലക്ഷ്യം. സിപിഎം മൂന്നാം സ്ഥാനത്തുള്ള പാലക്കാട് മത്സരിച്ചാൽ ജയിക്കില്ലെന്ന് സരിന് നന്നായറിയാം. കോൺഗ്രസും ബി.ജെ പിയും തമ്മിൽ നേർക്ക് നേർ പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. 2016 ൽ ഷാഫി പറമ്പിലും ശോഭ സുരേന്ദ്രനുമായിട്ടായിരുന്നു മത്സരമെങ്കിൽ 2021 ൽ ഷാഫിയും ഇ.ശ്രീധരനും തമ്മിലായിരുന്നു മത്സരം.

സിവിൽ സർവീസിൽ 555 ആം റാങ്ക് കാരനായ സരിന് ഐ എ എസ് , ഐ പി എസ് , ഐ എഫ് എസ് പോസ്റ്റുകൾ ലഭിച്ചില്ല. ആദ്യ റാങ്കുകാരെയാണ് ഈ പോസ്റ്റുകളിൽ പരിഗണിക്കുക. ഗ്രൂപ്പ് എ സിവിൽ സർവീസ് പോസ്റ്റായ ഇന്ത്യൻ ഓഡിറ്റ് ആൻ്റ് അക്കൗണ്ട് സർവീസിലായിരുന്നു സരിന് നിയമനം ലഭിച്ചത്. 2008 ൽ സർവീസിൽ കയറിയ സരിൻ 2016 ൽ ജോലി ഉപേക്ഷിച്ച് കോൺഗ്രസിൽ ചേക്കേറി. ചാണ്ടി ഉമ്മനുമായി സരിന് അടുപ്പം ഉണ്ടായിരുന്നു. അത് വഴി ഉമ്മൻ ചാണ്ടിയുടെ ക്യാമ്പിലെത്തി.

ഹരിഗോവിന്ദ് എന്ന പരിണിത പ്രജ്ഞനായ അധ്യപകൻ ആയിരുന്നു ഒറ്റപ്പാലത്ത് 2021 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന മിനിറ്റിൽ ഹരിഗോവിന്ദിനെ വെട്ടി സരിൻ ഒറ്റപ്പാലം സീറ്റ് തരപ്പെടുത്തി. സീറ്റ് ലഭിച്ചെങ്കിലും ജയിക്കാൻ ആയില്ല. സി പി എമ്മിന്റെ പ്രേംകുമാർ 15,152 വോട്ടിന് മിന്നും ജയം നേടി. അനിൽ ആൻ്റണി രാജിവച്ചതിനെ തുടർന്ന് കെ.പി. സി.സി ഡിജിറ്റൽ മീഡിയയുടെ കൺവീനർ കസേര സരിന് ലഭിച്ചു. അതേസമയം, സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിച്ചാലും കസേര ഇല്ലെങ്കിൽ പൊറുതിമുട്ടും. എന്നാൽ സരിന് അതായിരുന്നില്ല അവസ്ഥ.

കസേര കിട്ടിയാൽ പിന്നെ അടുത്ത കസേര വേണമെന്ന് ആക്രാന്തം ഉണ്ടാകും. ഷാഫി വടകരയിൽ മത്സരിക്കാൻ പോയതോടെ പാലക്കാട് സീറ്റിലായി സരിൻ്റെ കണ്ണ്. രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാടിലേക്ക് പരിഗണിക്കുമെന്ന് കേട്ടതോടെ ആ പ്രതീക്ഷയും പോയി. പിന്നെ അലമ്പാക്കി വെടക്കാക്കുക എന്നതായിരുന്നു സരിന്റ ലൈൻ. കൂടാതെ കാത്തിരിക്കാനും വയ്യ. മൂന്നാം സ്ഥാനത്ത് ആയാലും പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ താൻ തയ്യാർ എന്ന സന്ദേശം എൽ.ഡി.എഫ് ക്യാമ്പിലെത്തി. സ്ഥാനാർത്ഥിയെ കിട്ടാതെ വിഷമിച്ച എൽ.ഡി.എഫ് ആരെ കിട്ടിയാലും കുഴപ്പമില്ല എന്ന അവസ്ഥയിലായിരുന്നു.

അതോടെ പിണറായിയെ വിശുദ്ധനായി സരിൻ അങ്ങ് പ്രഖ്യാപിച്ചു. സതീശനെ പരമാവധി പള്ള് പറഞ്ഞ് പിണറായിയുടെ ഗുഡ് ബുക്കിലെത്തി സി പി എം സിറ്റിങ്ങ് സീറ്റായ ഒറ്റപ്പാലത്ത് 2026 ൽ മത്സരിക്കാനുള്ള ഗെയിം പ്ലാനാണ് സരിൻ പയറ്റുന്നത്. ഉദ്യോഗസ്ഥർ അങ്ങനെയാണ്. ഒന്ന് രണ്ട് വർഷം മുതൽ പത്ത് വർഷം വരെയുള്ള മുന്തിയ കസേര അവർ ലക്ഷ്യമിടും. എന്തായാലും പ്രേംകുമാർ കരുതിയിരിക്കുക. സിറ്റിങ്ങ് എം എൽ എ മമ്മദ് കോയയെ മാറ്റി മരുമകൻ റിയാസിനെ എം എൽ എ സീറ്റിൽ മത്സരിപ്പിച്ച ആളാണ് നമ്മുടെ പിണറായി വിജയൻ. അതിനാൽ പാലക്കാട് സീറ്റ് കണ്ടല്ല സരിൻ ഇറങ്ങിയിരിക്കുന്നത്. 2026 ലെ ഒറ്റപ്പാലത്തെ സി പി എം സ്ഥാനാർത്ഥിയാകുകയാണ് സരിൻ്റെ ലക്ഷ്യം. കസേരകൾ ലക്ഷ്യമിട്ട് മുന്നേറുന്ന സരിന് വിപ്ലവ അഭിവാദ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *