തിരുവനന്തപുരം : കേരളത്തിൽ കുടിശിക ഇല്ലാത്തത് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് മാത്രം. ക്ഷേമ പെൻഷൻ , ക്ഷാമബത്ത തുടങ്ങി മറ്റ് എന്തെല്ലാം കുടിശിക ആയാലും പിണറായിയുടെ ഹെലികോപ്റ്ററിന് പണം കൃത്യമായി ബാലഗോപാൽ കൊടുക്കും. അല്ലെങ്കിൽ കസേര കാണില്ലെന്ന് ബാലഗോപാലിന് അറിയാം. 30 കോടിയോളം രൂപയാണ് ഹെലികോപ്റ്ററിന് വാടകയായി ബാലഗോപാൽ ഇതുവരെ നൽകിയത്.
750 ലൈഫ് മിഷൻ വീട് വയ്ക്കാനുള്ള പണമാണ് ഹെലികോപ്റ്റർ വാടകയായി പിണറായി പുട്ട് അടിച്ച് കളഞ്ഞത്. ഒരു ലൈഫ് മിഷൻ വീട് വയ്ക്കാൻ സർക്കാർ നൽകുന്നത് 4 ലക്ഷം രൂപ ആണ്. അതായത് 30 കോടി ഉണ്ടായിരുന്നെങ്കിൽ 750 ലൈഫ് മിഷൻ വീട് വയ്ക്കാം എന്നർത്ഥം.
ആദ്യം ഹെലികോപ്റ്റർ വാടകക്ക് എടുത്തത് പവൻ ഹാൻസ് ലിമിറ്റഡിൽ നിന്നായിരുന്നു. 22, 21 , 51 , 000 രൂപയാണ് പവൻ ഹാൻസിന് വാടകയായി നൽകിയത്. 2023 ൽ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നായിരുന്നു ഹെലികോപ്റ്റർ വാടകക്ക് എത്തിയത്.
7.20 കോടി ചിപ്സണിന് ഹെലികോപ്റ്റർ വാടകയായി നൽകിയെന്ന് മുഖ്യമന്ത്രി ഈ മാസം 7 ന് നിയമസഭയിൽ മറുപടി നൽകിയിരുന്നു.ഒരു മാസത്തെ ഹെലികോപ്റ്റർ വാടക 80 ലക്ഷമാണ്. മാസ ഉപയോഗം കൂടുതൽ ആയാൽ 80 ലക്ഷം വാടകക്ക് പുറമെ അധികമായി പണം നൽകണം. എ.പി അനിൽകുമാർ എം എൽ എയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ഹെലികോപ്റ്ററിൽ താൻ നടത്തിയ യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല.
ഇസഡ് പ്ലസ് സുരക്ഷ ഉള്ള ആളാണ് താനെന്നും അതുകൊണ്ട് യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് സുരക്ഷാകാരണങ്ങളാൽ ഉചിതമല്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. വയനാട് ദുരന്ത സമയത്ത് ഹെലികോപ്റ്ററിൻ്റെ സേവനം ഉപയോഗപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിന് നിയോഗിക്കപ്പെട്ടവരെ കോഴിക്കോട് എത്തിച്ചത് ഈ ഹെലികോപ്റ്റർ വഴിയാണെന്നും രക്ഷാ പ്രവർത്തനത്തിൻ്റെ ഭാഗമായും എയർ ആംബുലൻസായും ഹെലികോപ്റ്റർ ഉപയോഗിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഏഴ് മാസങ്ങൾക്ക് മുമ്പ് ചോദിച്ച ചോദ്യങ്ങൾക്കാണ് ഇപ്പോൾ ധനമന്ത്രി മറുപടി നൽകിയിരിക്കുന്നത്. ഏത് കാര്യം ചോദ്യച്ചാലും വൈകി മറുപടി നൽകുക എന്നത് പിണറായി സർക്കാരിന്റെ സ്ഥിരം ശീലമാണ്. അതായത് ഏത് കാര്യം ചോദ്യച്ചാലും ഉത്തരം വേണ്ട സമയത്ത് നൽകാതെ വൈകി നൽകിയാൽ ആദ്യമുള്ള കാര്യങ്ങൾ ജനങ്ങൾ മറന്ന് പോകുമെന്നുള്ള ചിന്ത തന്നെ. സർക്കാരിന്റെ ആ ചിന്തയാണ് മലയാളം മീഡിയ ഇപ്പോൾ തുറന്ന് കാട്ടുന്നത്.