
വിരമിച്ച ചീഫ് സെക്രട്ടറിക്ക് 94,500 രൂപ ക്ഷാമബത്ത
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശിക 22 ശതമാനമായിട്ടും ചെറുവിരൽ അനക്കാത്ത കെ.എൻ. ബാലഗോപാൽ വിരമിച്ച ചീഫ് സെക്രട്ടറിക്ക് ക്ഷാമബത്തയായി നൽകുന്നത് 94,500 രൂപ. വി.പി ജോയ് ആണ് ആ ഭാഗ്യവാൻ.
ഇതിന് പുറമ വീട്ട് വാടകയായി 40,500 രൂപയും നൽകുന്നു. ചീഫ് സെക്രട്ടറിയായി വിരമിച്ച വി.പി. ജോയി പിണറായിയുടെ വിശ്വസ്തനാണ്. അതുകൊണ്ട് തന്നെ വിരമിച്ചതിന് ശേഷം കേരള പബ്ലിക് എൻറർപ്രൈസസ് ബോർഡിൽ ചെയർമാനായി പിണറായി നിയമനവും നൽകി. പ്രതിമാസം 2.25 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് അടിസ്ഥാന ശമ്പളമായി സർക്കാർ നൽകുന്നത്.
ഇതിനുപുറമെയാണ് ക്ഷാമബത്തയായി 94,500 രൂപയും വീട്ടുവാടകയായി 40,500 രൂപയും നൽകുന്നത്. ആകെ പ്രതിമാസ ശമ്പളം 3.60 ലക്ഷം. ചീഫ് സെക്രട്ടറിയായി വിരമിച്ചതിന്റെ 2.50 ലക്ഷം പെൻഷനും ജോയിക്ക് ലഭിക്കുന്നുണ്ട്. അങ്ങനെ പ്രതിമാസം 6.10 ലക്ഷം രൂപ ജോയിയുടെ പോക്കറ്റിലേക്ക് ഖജനാവിൽ നിന്ന് പോകും.
പ്രത്യേകിച്ച് ജോലിയൊന്നും നിയമിച്ച പോസ്റ്റിൽ ജോയിക്കില്ല. കവിതകൾ എഴുതുകയാണ് ഹോബി. സർക്കാർ ചെലവിൽ ജോയിയുടെ കവിതയെഴുത്ത് നിർലോഭം നടക്കുന്നു. ജോയി ഹാപ്പിയാണ്, വെരി വെരി ഹാപ്പി. ഇത്രയും ക്ഷാമബത്ത കിട്ടിയാൽ എങ്ങനെ ഹാപ്പി ആകാതിരിക്കും. ജോയി ആണ് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥൻ എന്ന് തെറ്റിദ്ധരിക്കരുത്.
അതുക്കും മേലെ ഒരാൾ ഉണ്ട്. കെ.എം എബ്രഹാം ആണ് ആ മഹാൻ. 3.87 ലക്ഷം ആണ് എബ്രഹാമിന്റെ ശമ്പളം. ചീഫ് സെക്രട്ടറിയായി വിരമിച്ചതുകൊണ്ട് ആ വകയിൽ 2.50 ലക്ഷം പെൻഷനായും ലഭിക്കുന്നുണ്ട്. അങ്ങനെ എബ്രഹാമിന്റെ പോക്കറ്റിലേക്ക് ഒരു മാസം പോകുന്നത് 6.37 ലക്ഷം രൂപ. ഇതുകൂടാതെ കാർ, ഡ്രൈവർ, ഫോൺ, മറ്റ് അലവൻസുകളും ഉണ്ട്. ഇതെല്ലാം ജോയിക്കും ലഭിക്കുന്നുണ്ട്.
2018 ൽ ചീഫ് സെക്രട്ടറിയായി വിരമിച്ചതിനുശേഷം കിഫ്ബി കസേരയിൽ സസുഖം വാഴുകയാണ് കെ.എം. എബ്രഹാം. അതുകൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയും ഒപ്പിച്ചു. കുറെ കഴിഞ്ഞപ്പോൾ ആ കസേരക്ക് പവറില്ല എന്ന് മനസിലായി. നന്നായി മണിയടിക്കാൻ അറിയാവുന്നതുകൊണ്ട് കാബിനറ്റ് റാങ്കും ഒപ്പിച്ചു. ഇപ്പോൾ കസേരക്ക് പവറായി. അങ്ങനെ എബ്രഹാമും ഹാപ്പി… വെരി വെരി ഹാപ്പി. കറന്റ് ചാർജ്, ബസ് ചാർജ്, ഭൂ നികുതി, വാട്ടർ ചാർജ്, ബിൽഡിംഗ് ടാക്സ് എല്ലാം ബാലഗോപാൽ കുത്തനെ കൂട്ടുമ്പോൾ ഇവരൊക്കെ ഹാപ്പിയാകും. അവരുടെ ശമ്പളം മുടങ്ങരുതല്ലോ.