‘വൺ ഡയറക്ഷൻ’ മുൻ ഗായകൻ ലിയാം പെയിൻ ജീവനൊടുക്കി. അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ കാസര്‍ സര്‍ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജീവനവസാനിപ്പിക്കും മുമ്പേ ഹോട്ടലിൽ അക്രമാസക്തനായിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. ലിയാം പെയിൻ മുന്‍ കാമുകിയായ മായ ഹെന്റിയുമായുള്ള പ്രശ്നങ്ങൾ കാരണം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷം ഹോട്ടലിൽ ബഹളം വെയ്ക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാരൻ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഹോട്ടലിന്റെ പിൻഭാഗത്ത് നിന്ന് ശക്തമായ ശബ്ദം കേട്ടതിനെ തുടർന്ന് അധികൃതരെ അറിയിച്ചതായി ഹോട്ടൽ മാനേജർ വ്യക്തമാക്കി. പൊലീസെത്തിയപ്പോൾ ലിയാം പെയിൻ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണതായി കണ്ടെത്തി. ബാൽക്കണിയിൽ നിന്ന് ചാടിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മദ്യം ഉൾപ്പെടെയുള്ള ലഹരികൾക്കെതിരായ പോരാട്ടത്തെക്കുറിച്ചും റിഹാബിലായി ചെലവഴിച്ച സമയത്തെപ്പറ്റിയും ലിയാം പെയിൻ മുമ്പ് തുറന്നുപറഞ്ഞിരുന്നു. അടുത്തിടെ കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാനായി അർജന്റീനയിൽ എത്തിയിരുന്ന പെയിൻ, കാമുകി തിരികെ പോയ ശേഷവും ഇവിടെ തുടർന്നുവെന്നാണ് റിപ്പോർട്ട്.
മുന്‍ കാമുകി മായ ഹെന്റിയുമായി നിയമപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് 2020 ൽ ഇരുവരും പിരിയുകയുണ്ടായി. ടെക്‌സാസ് കേന്ദ്രീകരിച്ചുള്ള മോഡലും എഴുത്തുകാരിയുമാണ് മായ ഹെന്റി. മരിക്കുന്നതിന് ഏതാനും ദിവങ്ങൾക്ക് മുൻപ് പെയിൻ, മായ ഹെന്റിയുമായി ബന്ധപ്പെടാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്.
2010-ൽ ബ്രിട്ടീഷ് ടെലിവിഷൻ ഷോയായ ‘ദി എക്സ് ഫാക്ടർ’ വഴി ശ്രദ്ധിക്കപ്പെട്ട ലിയാം പെയിൻ, പിന്നീട് ‘വൺ ഡയറക്ഷൻ’ ബാൻഡിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടി. 2016-ൽ ഗ്രൂപ്പ് പിരിഞ്ഞ ശേഷം പെയിൻ സോളോ ആൽബങ്ങളിൽ സജീവമായിരുന്നു. ഈ മാസം ആദ്യം, മുൻ ബാൻഡ്‌മേറ്റ് നിയാൽ ഹൊറന്റെ ബ്യൂണസ് ഐറിസിലെ സംഗീത പരിപാടിയിൽ പെയിൻ പങ്കെടുത്തിരുന്നു.