കൊച്ചി: അങ്കമാലിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ എട്ട് പേർ കസ്റ്റഡിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക് മനോഹരനാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.
അങ്കമാലിയിലെ ഹിൽസ് പാർക്ക് ബാറിലാണ് ആഷിക് മനോഹരനും പ്രതികളും തമ്മിൽ തർക്കം ഉണ്ടായത്. വാക്കേറ്റം കടുപ്പിച്ച് കയ്യാങ്കളിയായി. കരുതിക്കൂട്ടിയെത്തിയ എട്ടംഗ സംഘം ബിയർ കുപ്പിയും സോഡാ കുപ്പിയും ഉപയോഗിച്ച് ആഷിക്കിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സ്ഥിരീകരിച്ചു.
മരണപ്പെട്ട ആഷിക് മനോഹരനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടായിരുന്നു. സംഭവസ്ഥലത്ത് അങ്കമാലി പോലീസ് സംഘം ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെയാണ് പരിശോധനകൾ നടത്തിയത്. പ്രതികളും ആഷിക്കും തമ്മിൽ മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.