തിരുവനന്തപുരം: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍. പമ്പ് ഉടമ പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിജിലന്‍സിനും ലഭിച്ചിട്ടില്ല. ഇതോടെ നവീന്‍ ബാബുവിനെതിരെയുള്ള പരാതി നല്‍കിയിരുന്നുവെന്ന വാദം കെട്ടിച്ചമച്ചതെന്ന സംശയം വർധിക്കുകയാണ്.
ഒക്ടോബര്‍ 10ന് നല്‍കിയെന്ന തരത്തിലുള്ള പരാതിയാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്. എന്നാൽ ഈ പരാതി ഇതുവരെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നേരിട്ടോ ഇമെയിൽ വഴിയോ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പരാതി ലഭിച്ചാൽ ഉടൻ ലഭിക്കുന്ന റസീറ്റ് ഹാജരാക്കാൻ ഇതുവരെ പമ്പ് ഉടമയ്ക്ക് കഴിഞ്ഞിട്ടുമില്ല.
നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പിപി ദിവ്യയുടെ മൊഴിയെടുക്കും.
സിപിഎം പാർട്ടിയിലും നവീൻ ബാബു വിവാദം കത്തുകയാണ്. കണ്ണൂർ, പത്തനംതിട്ട ജില്ലാ നേതൃത്വം ഇതുസംബന്ധിച്ച് രണ്ട് തലത്തിൽ ആണ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയുടെ ഇടപെടലും അഴിമതി പരാമർശവും അനുചിതം എങ്കിലും അഴിമതിക്കെതിരെയുള്ള നിലപാടാണ് അതെന്നാണ് കണ്ണൂർ ജില്ലാ ഘടകത്തിൻ്റേത്. പത്തനംതിട്ട നേതൃത്വം പിപി ദിവ്യക്കെതിരെ നടപടി വേണം എന്ന നിലപാടിലാണ്. അടുത്ത പാർട്ടി കുടുംബത്തിന് സംഭവിച്ച ദുരന്തം എങ്ങനെ വിശദീകരിക്കണം എന്ന ചിന്തയിലാണ് പത്തനംതിട്ട സിപിഐഎം.