ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. രണ്ടാമത്തെയും അവസാനത്തെയും മത്സരങ്ങളുടെ വിവരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഒഫീഷ്യൽ സൈറ്റിലൂടെ പുറത്തുവിട്ടു. 2025 ജനുവരി മുതൽ മാർച്ച് വരെ നടക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചറാണ് പ്രസിദ്ധികരിച്ചത്.
ജനുവരി അഞ്ചിന് പഞ്ചാബ് എഫ്.സിക്കെതിരായ എവേ മാച്ചോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതുവർഷം തുടങ്ങുക. 13ന് ഒഡിഷ എഫ്.സിക്കെതിരെ കലൂർ സ്റ്റേഡിയത്തിൽ ഹോം മത്സരമുണ്ട്. 18ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെയും ഫെബ്രുവരി 15ന് മോഹൻ ബഗാനെയും മാർച്ച് ഒന്നിന് ജാംഷഡ്പുരിനെയും ഏഴിന് മുംബൈ സിറ്റിയെയും ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികൾക്ക് മുന്നിൽ നേരിടും. ജനുവരി 11നാണ് ഈസ്റ്റ് ബംഗാൾ -മോഹൻ ബഗാൻ കൊൽക്കത്ത ഡെർബി.
ഇന്ന് പുനരാരംഭിക്കും
12 ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ വ്യാഴാഴ്ച പുനരാരംഭിക്കും. രാത്രി 7.30ന് ഗുവാഹത്തി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ചെന്നൈയിൻ എഫ്.സി നേരിടും.
ഒക്ടോബർ 20ന് മുഹമ്മദൻസിനെതിരെ കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സുമിറങ്ങും. 25ന് കലൂരിൽ ബംഗളൂരു എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന് രണ്ടാംഘട്ടത്തിലെ ആദ്യ ഹോം മത്സരം. ബംഗളൂരു എഫ്.സി (10), പഞ്ചാബ് എഫ്.സി (9), ജാംഷഡ്പുർ എഫ്.സി (9) എന്നിങ്ങനെയാണ് നിലവിലെ ആദ്യ മൂന്ന് സ്ഥാനക്കാർ.