Crime

എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം; രണ്ട് അതിഥിതൊഴിലാളികൾ പിടിയിൽ

ഇടുക്കി: നെടുംകണ്ടത്തിന് സമീപമുള്ള പാറത്തോട്ടിൽ എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശികളായ രാംസായിയും ദരുൺ സായിയുമാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

തിങ്കളാഴ്ച രാത്രിയിലാണ് നെടുംകണ്ടം പാറത്തോട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ എടിഎം തകർത്തു പണം മോഷ്ടിക്കാൻ പ്രതികൾ ശ്രമിച്ചത്. ആദ്യമായി എടിഎമ്മിൽ നിന്ന് പണം എടുത്ത ശേഷം മുഖം മറച്ച് തിരികെയെത്തി എടിഎം തകർക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ എടിഎം പൂർണ്ണമായും തകർത്തു പണം എടുക്കാൻ ഇവർക്ക് സാധിച്ചില്ല.

പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇത് പ്രകാരം ഏലത്തോട്ടങ്ങളിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. രാംസായി പാറത്തോട്ടിലെ ഏലക്ക സ്റ്റോറിലും, ദരുൺ സായി ഉടുമ്പൻചോല ചെമ്മണ്ണാറിലെ ഏലത്തോട്ടത്തിലുമായിരുന്നു ജോലി ചെയ്തിരുന്നത്. ദരുൺ സായി മധ്യപ്രദേശിലെ മോഷണ കേസുകളിൽ പ്രതിയാണ്. നാട് വിടാൻ ശ്രമിക്കവെയാണ് പിടിയിലായത്.

കട്ടപ്പന എ എസ് പി യുടെ നേതൃത്വത്തിൽ വ്യത്യസ്ത ടീമുകൾ രൂപീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിച്ചു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *