Kerala Government News

വയനാട് ദുരന്തം: സംസ്കാര ചടങ്ങുകൾ നടത്തിയതിന് 19,67,740 രൂപ

തിരുവനന്തപുരം : വയനാട് ദുരന്ത സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് സമർപ്പിച്ച പ്രൊപ്പോസൽ വിവാദമായിരുന്നല്ലോ. ചെലവായത് എന്ന മട്ടിലായിരുന്നു ആദ്യ പ്രചരണം. എന്നാൽ ചെലവ് അല്ല എസ്റ്റിമേറ്റ് ആണ് സമർപ്പിച്ചതെന്ന് സർക്കാർ വിശദീകരിച്ചു. മൃതദേഹം മറവ് ചെയ്യാൻ 2.76 കോടി എസ്റ്റിമേറ്റ് സമർപ്പിച്ചതാണ് പ്രധാന വിവാദമായത്. ഒരു മൃതദേഹം മറവ് ചെയ്യാൻ 75000 എന്ന രീതിയിൽ ആയിരുന്നു എസ്റ്റിമേറ്റ്. 359 മൃതദേഹങ്ങൾ മറവ് ചെയ്യാൻ 2,76, 75,000 ആയിരുന്നു കേരളം എസ്റ്റിമേറ്റിൽ കാണിച്ചത്. എന്നാൽ യത്ഥാർത്ഥത്തിൽ ചെലവായത് എത്രയെന്ന് അറിയണ്ടേ?

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ സംസ്കാരചടങ്ങുകൾ നടത്തിയതിന് 19, 67, 740 രൂപ ചെലവായെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ വെളിപ്പെടുത്തി. ഇതിൻ്റെ ചെലവുകൾ ഇനം തിരിച്ച് കണക്കാക്കി വരുന്നതേയുള്ളുവെന്നും കെ. രാജൻ മറുപടി നൽകി. അൻവർ സാദത്ത് എം എൽ എ ആണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. 231 മൃതദേഹങ്ങൾ, 222 ശരീരഭാഗങ്ങൾ ദുരിതബാധിത പ്രദേശത്ത് നിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പുഴയുടെ ഭാഗത്ത് നിന്നും കണ്ടെത്തി.

ഇതിൽ 172 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും നേരിൽ പരിശോധിച്ച് ബന്ധുക്കൾ തിരിച്ചറിയുകയും തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. തിരിച്ചറിയാൻ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സർവ്വത പ്രാർത്ഥനകളോടെയും ഔപചാരിക ബഹുമതികളോടെയും പുത്തുമലയിൽ തയ്യാറാക്കിയ പൊതു ശ്മാശാനത്തിൽ സംസ്കരിച്ചുവെന്നും നിയമസഭയിൽ കെ. രാജൻ വ്യക്തമാക്കി. 1202 കോടിയുടെ ധനസഹായം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൊളൻ്റിയേഴ്സിന് ഭക്ഷണവും വെള്ളവും നൽകിയതിന് 10 കോടി, അവരുടെ താമസത്തിന് 15 കോടി, റെയിൻ കോട്ട്, കുട, ടോർച്ച് വാങ്ങാൻ 2.98 കോടി ചെലവായെന്നും പ്രൊപ്പോസലിൽ കാണിച്ചിരുന്നു.

യത്ഥാർത്ഥ ചെലവുകളും എസ്റ്റിമേറ്റും തമ്മിലുള്ള അന്തരം ഉള്ളതായി ഉയർന്ന വന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടോ എന്ന് മഞ്ഞളാംകുഴി അലി മുഖ്യമന്ത്രിയോട് നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. അതിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ ” ദേശിയ തലത്തിൽ നിലനിൽക്കുന്ന മാനദണ്ഡങ്ങൾക്ക് പൂർണ്ണമായും വിധേയമായിട്ടാണ് മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുള്ളത്.

അടിസ്ഥാനരഹിതമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല മേപ്പാടി പഞ്ചായത്തിലെ ദുരന്ത പ്രതികരണ ആശ്വാസ നടപടികൾക്ക് സംസ്ഥാനം തയ്യാറാക്കിയിട്ടുള്ള ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരം കണക്കാക്കാൻ കഴിയുന്ന 219.2 കോടി രൂപ മതിയാകില്ല എന്നതിനാൽ 2012 മുതൽ മെമ്മോറാണ്ടം തയ്യാറാക്കി വരുന്ന രീതിയിലാണ് 2024 ലെ മെമ്മോറാണ്ടം തയ്യാറാക്കിയിട്ടുള്ളത്. അനുവദനിയമായ ശീർഷകങ്ങളിൽ പരമാവധി സഹായം ആണ് അഭ്യർത്ഥിച്ചത് ” . വയനാട് ദുരന്തത്തിന് ഒരു സഹായവും കേന്ദ്രത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *