
തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ട കമ്മീഷനിങ് ഡിസംബറില്‍ നടക്കാനിരിക്കെ ചിറ്റമ്മനയവുമായി കേന്ദ്രം. തുറമുഖത്തിന്റെ മുന്നോട്ടുള്ള പ്രവർത്തങ്ങൾക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട ധനസഹായമായ 817 കോടിരൂപ വായ്പയാക്കി മാറ്റിയതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാനം. എത്രയും പെട്ടെന്ന് നിലപാട് തിരുത്തി കേന്ദ്രം കമ്മീഷനിങ് നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
ഭാവിയില്‍ തുറമുഖം ലാഭത്തിലെത്തുമ്പോള്‍ 817 കോടി രൂപയ്ക്ക് എത്ര മൂല്യമാണോ ഉണ്ടാകുന്നത് ആ തുകയ്ക്ക് തുല്യമായ തുക സംസ്ഥാനം തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. അതായത് സംസ്ഥാനം അന്ന് 12000 കോടിരൂപ തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ട്രയല്‍റണ്‍ നടക്കുന്ന അവസരത്തില്‍ തന്നെ ഒരു ലക്ഷം കണ്ടൈനറുകൾ ചെയ്ത് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. ഈ സന്ദർഭത്തിലാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കൽ. ഇത് കടുത്ത വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാരിന്.
ട്രയല്‍ റണ്‍ തുടങ്ങിയിട്ട് നാല് മാസം പിന്നിടവേ മദര്‍ ഷിപ്പുകളടക്കം 46 ചരക്കുകപ്പലുകളാണ് വിഴിഞ്ഞത്തേക്കെത്തിയിട്ടുള്ളത്. അദാനി പോര്‍ട്ട്‌സ് തുറമുഖത്ത് കൈകാര്യം ചെയ്തത് ഒരു ലക്ഷം(100807) കണ്ടെയ്‌നറുകളാണ്. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ എം.എസ്.സിയുടെ 400 മീറ്റര്‍ നീളമുള്ള മദര്‍ ഷിപ്പുകളടക്കം വിഴിഞ്ഞത്ത് കണ്ടെയ്‌നറുകളിറക്കി.
കൂടാതെ, രാജ്യത്തിനകത്തും പുറത്തുമുള്ള തുറമുഖങ്ങളിലേക്ക് ചരക്ക് കയറ്റിറക്ക് നടത്തി വരുന്നു. ഇതില്‍ നിന്നുള്ള വരുമാനമായി നികുതിയിനത്തില്‍ സംസ്ഥാന ഖജനാവിലേക്കെത്തിയത് 7.4 കോടി രൂപയാണ്. ട്രയല്‍റണ്‍ ഘട്ടത്തില്‍ തന്നെ ഇത്രയധികം ചരക്കുകള്‍ കൈകാര്യം ചെയ്ത മറ്റൊരു തുറമുഖം വേറെ ഇല്ല. ഇത്രെയേറെ അനുകൂല ഘടകങ്ങളുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി പിന്തുണ നൽകുന്നില്ലെന്ന കടുത്ത പരാതിയാണ് സംസ്ഥാനസർക്കാരിനുള്ളത്.
അതേസമയം, തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രം വായ്പാ വ്യവസ്ഥയില്ലാത്ത വി.ജി.എഫ് സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ കേരളത്തോട് കേന്ദ്രം രാഷ്ട്രീയ പകപോക്ക് കാണിക്കുന്നുവെന്ന പരാതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. കാരണം വി.ജി.എഫ് സഹായം ആദ്യം അംഗീകരിക്കപ്പെട്ട പദ്ധതിയാണ് വിഴിഞ്ഞം തുറമുഖത്തിന്റേത്. ഇതേ തുടർന്ന് വായ്പാ വ്യവസ്ഥ ഒഴിവാക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. സംസ്ഥാനത്തിന് അനുകൂല നിലപാട് ഉണ്ടായിലെങ്കിൽ കേന്ദ്രത്തെ നേരില്‍ കണ്ടും തങ്ങളുടെ ആശങ്ക സർക്കാർ ബോധിപ്പിക്കും.
പ്രധാനമന്ത്രിയെ ക്ഷണിച്ച് ആദ്യഘട്ട തുറമുഖ കമ്മീഷനിങ് നടത്താനാണ് സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്‌സും ആഗ്രഹിക്കുന്നത്. ഇതിനിടെയാണ് വി.ജി.എഫ് സഹായം കേന്ദ്രം വായ്പയാക്കി സംസ്ഥാനത്തിന് വെല്ലുവിളി സൃഷ്ടിച്ചത്. ഇത് ഡിസംബറില്‍ ആദ്യഘട്ട തുറമുഖ കമ്മീഷനിങ് നടത്താനുള്ള നീക്കത്തിന് പ്രതികൂലമാവുമെന്ന ആശങ്ക ഉയരുകയാണിപ്പോൾ.