
പാലക്കാട് : കോണ്‍ഗ്രസ് ഉള്ളറകളുടെ കാവല്‍ക്കാരനാണ് സരിനെന്ന് എ കെ ബാലൻ. ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റുന്ന എല്ലാ സാധ്യതകളെയും എല്‍ഡിഎഫ് ഉപയോഗിക്കും. ജനങ്ങള്‍ക്ക് മൊത്തത്തില്‍ നല്ല സ്വീകാര്യതയുള്ള ആളായിരിക്കും സിപിഎം സ്ഥാനാര്‍ത്ഥിയെന്നും എ കെ ബാലൻ വ്യക്തമാക്കി.
എൽഡിഎഫിന് അമിതവിശ്വാസമോ അത്യാർത്ഥിയോ ഇല്ല. പാലക്കാട് മത്സരം കോൺഗ്രസ്സും എൽഡിഎഫും തമ്മിലാണ്. കോൺഗ്രസ് വളരെ സമർത്ഥമായി യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന വരുത്തി തീർക്കാൻ ശ്രമിക്കുന്നുണ്ട്. അത് കോൺഗ്രസിന്റെ ദുഷ്ടലാക്കാണ്. കോൺഗ്രസ് കുപ്പിവള പോലെ പൊട്ടിതകരുമെന്നും എ കെ ബാലൻ പറയുന്നു. രാഷ്ട്രീയമായുള്ള ഏറ്റുമുട്ടലാണ് പാലക്കാട് നടക്കുന്നത്. വ്യക്തിപരമായ പരാമർശം ഞങ്ങളല്ല നടത്തുന്നത്. അത് സരിൻ പറഞ്ഞതിൽ നിന്നും വ്യക്തമാണ്. എത്രയും പെട്ടെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.