
നിരക്കുകൾ കൂടിയിട്ടും കമ്പനിയ്ക്ക് മെച്ചം; അറ്റാദായം വർധിച്ചത് 23.4 % (6,539 കോടി)
രാജ്യത്തെ പ്രമുഖ ടെലികോം ദാതാവായ ജിയോ ഇൻഫോകോംസിന്റെ ലാഭത്തിൽ വർധനവ്. അറ്റാദായം 23.4 ശതമാനമായി വർധിച്ച് 6,539 കോടി രൂപയായി. ജൂലായ് തുടക്കത്തില്‍ താരിഫ് വര്‍ധിപ്പിച്ചതാണ് കമ്പനിക്ക് നേട്ടമാകാൻ കാരണമായത്. ഡാറ്റ ഉപയോഗം 24% വര്‍ധിച്ച് 45 ബില്യണ്‍ ജിബി ആയി. ഒരു ഉപഭോക്താവില്‍ നിന്നും തുടര്‍ച്ചയായി നാല് മാസം 181.7 രൂപയായിരുന്ന ശരാശരി വരുമാനം, ഇപ്പോൾ 195.1 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വർഷത്തേക്കാൾ 7.4 ശതമാനം വരുമാന വർധനവ് ഈയിനത്തിൽ വർധിച്ചു. താരിഫ് വർധനയുടെ ഭാഗികമായ തുടർനടപടികളും കൂടുതൽ വരിക്കാരും ഇത് ഉറപ്പാക്കിയതായി കമ്പനി പറഞ്ഞു. താരിഫ് വർധനവിന്റെ നേട്ടങ്ങൾ അടുത്ത 2-3 പാദങ്ങളിൽ പ്രതിഫലിക്കുമെന്ന് കമ്പനി അറിയിച്ചു.
രണ്ടാം പാദത്തിലെ പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം 18 ശതമാനം വർധിച്ച് 31,709 കോടി രൂപയായി. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 12.8 ശതമാനമാണ് വര്‍ധന. താരിഫ് വർധന ആഘാതവും, ഹോം ഡിജിറ്റൽ സേവന ബിസിനസുകളുടെ സ്കെയിൽ-അപ്പുമാണ് പ്രവർത്തന വരുമാന വളർച്ചയെ പ്രധാനമായും നയിച്ചതെന്ന് കമ്പനി അറിയിച്ചു. പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (എബിറ്റ്‌ഡ) എന്നിവയ്ക്ക് മുമ്പുള്ള ജിയോ പ്ലാറ്റ്‌ഫോമുകളുടെ വരുമാനം 17.8 ശതമാനം ഉയർന്ന് 15,931 കോടി രൂപയായിരുന്നു.
14.8 കോടി വരിക്കാര്‍ 5ജിയിലേക്ക് മാറിയതായും കമ്പനി വ്യക്തമാക്കി. അതേസമയം, നടപ്പ് പാദത്തില്‍ 1.09 കോടി വരിക്കാർ ജിയോക്ക് നഷ്ടപ്പെട്ടു. തുടര്‍ച്ചയായിട്ടുള്ള ഏഴ് പാദങ്ങളില്‍ വരിക്കാരുടെ എണ്ണം വർധിച്ചതിന് പിന്നാലെയാണ് ആദ്യമായി ഇടിവ് രേഖപെപ്പടുത്തിയിരിക്കുന്നത്. ആദ്യ പാദത്തിലെ 48.97 കോടി വരിക്കാർ കുറഞ്ഞ് രണ്ടാപാദത്തിൽ 47.88 കോടിയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, വോയ്സ് ട്രാഫിക്ക് 6.4% വര്‍ധിച്ച് 1.42 ലക്ഷം കോടി മിനിറ്റിലെത്തി. ജിയോ എയര്‍ ഫൈബര്‍ വരിക്കാരുടെ എണ്ണത്തിലും നേട്ടമുണ്ടായി. 28 ദശലക്ഷം വീടുകളെ ജിയോ എയര്‍ ഫൈബറിലൂടെ ബന്ധിപ്പിച്ചു.