
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ദിവസത്തിൽ രണ്ടുതവണയായി വില കുറഞ്ഞു. രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് മൊത്തം 295 രൂപയും പവന് 2,360 രൂപയുമാണ് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിനെത്തുടർന്ന് രാവിലെ സ്വർണ്ണവില കുറഞ്ഞിരുന്നു. പിന്നീട് ഉച്ചയോടെ വീണ്ടും വില താഴുകയായിരുന്നു. രാവിലെ ഒരു പവന് 1,320 രൂപ കുറഞ്ഞ ശേഷം ഉച്ചയ്ക്ക് വീണ്ടും 1,040 രൂപയുടെ കുറവുണ്ടായി. ഈ വിലയിടിവോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 70,000 രൂപയായി.
ഗ്രാമിന്റെ കാര്യത്തിൽ, രണ്ടുതവണയായി മൊത്തം 295 രൂപയുടെ കുറവുണ്ടായി. ആദ്യ ഘട്ടത്തിൽ 130 രൂപയും പിന്നീട് 165 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 8,750 രൂപയായി.
കഴിഞ്ഞ ഏപ്രിൽ 15 ന് ശേഷം പവൻ വില 70,000 രൂപയിലേക്ക് താഴുന്നത് ഇതാദ്യമാണ്. കേരളത്തിലെ സ്വർണ്ണത്തിന്റെ റെക്കോർഡ് വില പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ്. ഇത് രേഖപ്പെടുത്തിയത് കഴിഞ്ഞ ഏപ്രിൽ 22 നാണ്.
സമീപകാലത്ത് ഒറ്റ ദിവസം ഇത്രയധികം വില കുറയുന്നത് ഇതാദ്യമാണ്. ഇന്ന് രാവിലെ മാത്രം ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയും കുറഞ്ഞിരുന്നു.
ലോകത്തിലെ ഒന്നാം രണ്ടാം സാമ്പത്തിക ശക്തികളായ യുഎസ്സും ചൈനയും തമ്മിലുള്ള വ്യാപാര തർക്കത്തിന് താൽക്കാലിക വിരാമമിട്ടതും, 90 ദിവസത്തേക്ക് തിരിച്ചടി തീരുവകൾ മരവിപ്പിക്കാൻ തീരുമാനിച്ചതുമാണ് സ്വർണ്ണവിലയിലെ ഈ ഇടിവിന് കാരണം