തിരുവനന്തപുരം : അൻവറിനെ ഒതുക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പാർട്ടി തുടങ്ങി കഴിഞ്ഞു. അതിന്റെ ആദ്യ നടപടിയാണ് നിയമ സഭയിൽ കഴിഞ്ഞ ദിവസം നാം കണ്ടത് . ഭരണപക്ഷത്തിനെതിരെ വിവാദ പരാമർശങ്ങൾ ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയ ശേഷം പിവി അൻവർ മുന്നണിയിൽ നിന്ന് വിട്ട് നിന്നു. ഇതോടെ പിവി അൻവർ ഇടത് പക്ഷത്തിന്റെ കണ്ണിലെ കരടായി മാറി. ഒരിക്കൽ പാർട്ടിക്കെതിരെ നിന്ന സിപിഎം വിരോധികൾക്ക് ചുട്ട മറുപടി നൽകി സൈബർ സഖാക്കന്മാരുടെ കടന്നൽ രാജാവായി മാറിയ ആളാണ് പിവി അൻവർ. പക്ഷേ അതേ പിവി അൻവറാണ് ഇപ്പോൾ പാർട്ടിക്കെതിരെ നിൽക്കുന്നത് എന്നതിനാൽ പിവി അൻവറിനെ ഒതുക്കേണ്ടുന്നത് പാർട്ടിയുടെ നിലനിൽപ്പിന് തന്നെ അനിവാര്യമാണ്. അതിനുള്ള പണി തുടങ്ങിക്കഴിഞ്ഞു എന്നാണ് സൂചന.
കഴിഞ്ഞ ദിവസം പിവി അൻവറിനെതിരെ അവകാശ ലംഘനത്തിനു നിയമസഭ റൂളിംഗ് നൽകിയതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. സഭയിലെ ഇരിപ്പടം ഭരണ പക്ഷത്തുനിന്ന് മാറ്റിയതിനെ അൻവർ പരസ്യമായി വിമർശിച്ചിരുന്നു. ഇത് സഭയുടെയും സഭ അധ്യക്ഷനായ സ്പീക്കറുടെയും അവകാശങ്ങൾക്ക് മേലുള്ള ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി കെഎം സച്ചിൻ ദേവ് എംഎൽഎ നൽകിയ പരാതിയിൽ ആണ് നടപടി. രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ച് കൂടെ നിന്ന് പാർട്ടിയെ വിട്ട് പോയവരെ കുലംകുത്തികളാക്കി മാറ്റുന്ന ചരിത്രമുള്ള പാർട്ടിയാണ് സിപിഎം എന്നതിനാൽ , പിവി അൻവറെ ഒതുക്കാൻ ഇത്തരത്തിൽ ഇനിയങ്ങോട്ട് പലതരത്തിലുള്ള നടപടികൾ പ്രതീക്ഷിക്കാവുന്നതാണ്.
അത് മാത്രവുമല്ല അൻവറിനെതിരെ പല തരത്തിലുള്ള നിയമനടപകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. നിയമസഭാ റൂളിങ് വന്നതിന് പിന്നാലെ തന്നെ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയ നൽകിയ പരാതിയിൽ പിവി അൻവറിനെതിരെ കേസെടുത്തു എന്നാണ് വിവരം പുറത്ത് വന്നിട്ടുണ്ട് . ഷാജൻ സ്‌കറിയ പ്രസിദ്ധീകരിച്ച വീഡിയോ വാർത്തയിലെ ഭാഗങ്ങൾ കട്ട് ചെയ്ത് അൻവർ പ്രചരിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി. ഇതുപ്രകാരം ഭാരതീയ നാഗരിക സുരക്ഷ സംഹിത പ്രകാരം 196, 336 (ഐ), 340, 351 (1), 356 (1) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്. മതസ്പർദ്ധ വളർത്തൽ, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
ഇതേ ഷാജൻ സ്‌കറിയക്കെതിരെ നടപടിയെടുക്കണമെന്നും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നുമുള്ള അൻവറിന്റെ ആവശ്യം സർക്കാർ നിരാകരിച്ചുവെന്ന കാരണം പറഞ്ഞാണ് പിവി അൻവറും സിപിഎമ്മും തമ്മിൽ അകലുന്നത് . ഷാജൻ സ്‌കറിയയിൽ നിന്ന് ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങിയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും എഡിജിപി അജിത് കുമാറും ഷാജനെതിരെ കേസ് ഒതുക്കിയെന്നാണ് പിവി അൻവറിന്റെ ആരോപണം.
എന്തായാലും അൻവറിന്റെ കഷ്ഠക്കാലം തുടങ്ങി എന്ന് തന്നെയാണ് റിപ്പോർട്ടുകൾ കൂട്ടിയാവായിക്കുമ്പോൾ വ്യക്തമാകുന്നത്. അൻവറിനെ ഒതുക്കിയില്ലെങ്കിൽ അത് ഈ കഴിഞ്ഞ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനേക്കാൾ അതിശക്തമായ തോൽവികാരണമായേക്കാനുള്ള സധ്യതയുണ്ട്. തെറ്റുതിരുത്തൽ നടപടിയിലാണ് പാർട്ടിയെന്നവകാശപ്പെടുന്ന ഇടത്പക്ഷം ഇത്തരം വിവാദങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് എന്നാണ് സൂചന.