മുംബൈ; മുംബൈയിലെ നടുറോഡില്‍ വാഹന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവ് മരണപ്പെട്ടു. മുംബൈയിലെ മലാഡില്‍ ആണ് ഓട്ടോറിക്ഷ കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നത്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകനായ ആകാശ് മീനാണ് (28) കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം പുഷ്പ പാര്‍ക്കിന് സമീപം ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ ആകാശിന്റെ കാറില്‍ ഇടിച്ചു.
ഇത് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിന് ഇടയാക്കി, തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ ഒരു കൂട്ടം ആളുകളോട് ഇക്കാര്യം പറയുകയും ഓട്ടോ ഡ്രൈവര്‍ക്ക് പിന്തുണയുമായി കുറച്ചാളുകള്‍ എത്തുകയുമായിരുന്നു. പിന്നീട് അവര്‍ ആകാശിനെ ഉപദ്രവിക്കുകയായിരു ന്നു. ആകാശ് തന്‍രെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കാറിലുണ്ടായിരുന്നത്. മകനെ ആളുകള്‍ ഉപദ്രവിക്കുന്നത് മാതാവും പിതാവും തടഞ്ഞിരുന്നു. ആകാശിന്റെ അമ്മ അവന്റെ ശരീരത്തിന് മുകളിലായി കിടന്നാണ് മകനെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ നോക്കിയത്.
എന്നാല്‍ ആളുകള്‍ മാതാപിതാക്കളെ മാറ്റി നടുറോഡിലിട്ട് ആകാശിനെ ക്രൂരമര്‍ദനത്തിനിരയാക്കുകയായിരുന്നു. ആകാശിനെ ചവിട്ടുകയും തൊഴിക്കുകയുമൊക്കെ ആള്‍ക്കൂട്ടം ചെയ്തിരുന്നു. ഗുരുതര പരിക്കുകളുമായി ആകാശിനെ അടുത്തുള്ള ആശുപത്രി യില്‍ എത്തിച്ചെങ്കിലും ആകാശ് മരണപ്പെട്ടു. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഒന്‍പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം, ദേഹോപദ്രവം എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.