സംസ്ഥാനം ഒട്ടാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പാണ് വയനാട്ടിലേത്. ഇത്തവണ തെരഞ്ഞെടുപ്പിൽ, മൂന്ന് മുന്നണിയിലും വനിതാ സ്ഥാനാർത്ഥികളയേക്കാമെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ നേരിടാൻ എല്‍ഡിഎഫ്, ഇ എസ് ബിജി മോളെയും, ബിജെപി, ശോഭ സുരേന്ദ്രനെയും അംഗ തട്ടിൽ ഇറക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ പ്രിയങ്കയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം കോണ്‍ഗ്രസ് അവകാശപ്പെടുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചവരോട് ജനം കണക്ക് ചോദിക്കുമെന്ന് എൽ ഡി എഫും ബിജെപിയും മറുപടി നൽകി.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി ആദ്യത്തെ അങ്കം കുറിക്കുമ്പോൾ ആരെല്ലാമാകും എതിരാളികൾ എന്നത് വലിയ ചർച്ചയാവുകയാണ്. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ ചർച്ച ആരംഭച്ചെങ്കിലും മറ്റ് മുന്നണികൾ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തു പറഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിക്കാമെന്നിരിക്കെ ചർച്ചയ്ക്ക് കൊഴുപ്പ് കൂടുകയാണ്. കോൺഗ്രസിന്റെ കോട്ടയായ വയനാട്ടിൽ ആരെവേണമെങ്കിലും സ്ഥാനാർത്ഥിയായി കൊണ്ട് വന്നാലും അത്ഭുതങ്ങൾ സൃഷ്ടിക്കാനാകില്ലെന്ന് എൽഡിഎഫിനും, ബിജെപിയ്ക്കും അറിയാം. അതുകൊണ്ട് തന്നെ സിപിഐയിലെയും ബിജെപിയിലെയും ഒന്നാം നിര നേതാക്കള്‍ക്ക് വയനാട്ടിലെ മല്‍സരത്തോട് താല്‍പര്യം ഇല്ല എന്നതാണ് വാസ്തവം.
എന്നാൽ രാജ്യശ്രദ്ധ നേടുന്ന മത്സരം ആയതുകൊണ്ട് തന്നെ സിപിഐ ഇത്തവണ പീരുമേട് മുന്‍ എംഎല്‍എ ഇഎസ് ബിജിമോളുടെ പേരാണ് പരിഗണിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇതുവരെ ബിജിമോള്‍ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, ബിജെപിയിൽ നിന്ന് ശോഭ സുരേന്ദ്രനെ ഇറക്കാനാണ് മുന്നണി പദ്ധതിയിടുന്നത്. നിലവിൽ ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുകയാണ് ശോഭ. പ്രിയങ്കക്കെതിരെ ശോഭയെ രംഗത്തിറക്കാനുളള സാധ്യത ഏറെ എന്നാണ് വിവരം. എന്തുതന്നെ ആയാലും തങ്ങൾ തന്നെ മത്സരത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം .