ഡിണ്ടിഗല്‍: തമിഴ്‌നാട്ടില്‍ ബ്ലേഡ് മാഫിയ വീണ്ടും തലപൊക്കുന്നു. അമിത പലിശ നല്‍കാതിരുന്ന സ്ത്രീയെ ക്രൂരമര്‍ദനത്തിനിരയാക്കി പണിമിടപാടുകാരന്‍. ഞായാറാഴ്ച്ചയാണ് സംഭവം ഉണ്ടായത്. തമിഴ്‌നാട് ഡിണ്ടിഗല്‍ പുളിയംപട്ടി പഞ്ചായത്തിലെ വില്വത്തപ്പട്ടി ഗ്രാമത്തിലാണ് അമിത പലിശ നല്‍കാതിരുന്നതിന് സ്ത്രീയെ മര്‍ദിച്ചവശയാക്കിയത്. പട്ടികജാതി വിഭാഗത്തില്‍ പെട്ട കാളിയമ്മാളിനെയാണ് പലിശക്കാരന്‍ തല്ലിയത്. മാത്രമല്ല, ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ഇര മാധ്യമങ്ങളോട് വിവരിച്ചു. രാജേന്ദ്രന്‍ എന്ന പണമിടപാടുകാരന്റെ കൈയ്യില്‍ നിന്ന് സെപ്തംബര്‍ 22ന് കാളിയമ്മാള്‍ 5,000 രൂപ കടം വാങ്ങിയിരുന്നു. ആഴ്ച്ചയില്‍ 500 രൂപയാണ് പലിശയെന്ന് രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
കൊള്ളപ്പലിശ ആയതിനാല്‍ തന്നെ തന്റെ ഒരു ബന്ധുവില്‍ നിന്ന് 5,000 രൂപ വാങ്ങി രാജേന്ദ്രന് കാളിയമ്മാള്‍ തിരികെ നല്‍കി. എന്നാല്‍ പലിശയിനത്തില്‍ 500 രൂപ കൂടി നല്‍കാന്‍ രാജേന്ദ്രന്‍ പറഞ്ഞപ്പോള്‍ താന്‍ ചോദ്യം ചെയ്‌തെന്നും അപ്പോള്‍ തന്നെ ജാതീയമായി അധിക്ഷേപിക്കുകയും ചെരുപ്പൂരി അടിക്കുകയും ചെയ്‌തെന്ന് കാളിയമ്മാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയ ഭര്‍ത്താവിനെ രാജേന്ദ്രന്‍രെ മകനായ ദണ്ഡപാണി കഴുത്തില്‍ പിടിച്ചു ഞെക്കി. അവനെ ഞാന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ രാജേന്ദ്രന്‍ എന്‍രെ കൈയ്യില്‍ കടിച്ചു.
വളരെ കഷ്ടപ്പാടിലൂടെയാണ് ഞങ്ങളുടെ ജീവിതം പോകുന്നത്. പശുവളര്‍ത്തലാണ് ഞാന്‍ ചെയ്യുന്നത്. ഭര്‍ത്താവ് മഹീന്ദ്രന്‍ ഡ്രൈവറാണെന്നും കാളിയമ്മാള്‍ വ്യക്തമാക്കി. ഞങ്ങളെ സഹായിക്കാന്‍ ആരും എത്തിയില്ല. പിന്നീട് ഞങ്ങള്‍ കീരനൂര്‍ പോലീസ് രാജേന്ദ്രനും ദണ്ഡപാണിക്കുമെതിരെ പരാതി നല്‍കി. അവര്‍ ഒളിവിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ലെന്ന് ഭര്‍ത്താവ് മഹീന്ദ്രന്‍ പറഞ്ഞു.