
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യ തിരുവനന്തപുരത്തെ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും മാധ്യമശ്രദ്ധ ഒഴിവാക്കാനായി നടൻ 8.15ന് തന്നെ സ്റ്റേഷനിലെത്തി.
ആഗസ്റ്റ് 28നാണ് ജയസൂര്യക്കെതിരെ ആദ്യ ലൈംഗികാതിക്രമക്കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചിയിലെ ഒരു നടിയാണ് ആദ്യമായി പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി എടുത്തിട്ടുണ്ട്.
2008-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ട് നോക്കിയെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ജയസൂര്യ മോശമായി പെരുമാറിയതെന്ന് ആലുവ സ്വദേശി നടി ആരോപിച്ചു. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ നടന്ന ഷൂട്ടിംഗിനിടെയായിരുന്നു സംഭവമെന്നാണ് പരാതിയിലെ വിശദീകരണം. നടി സാരി ശരിയാക്കുമ്പോൾ ജയസൂര്യ പുറകിൽ നിന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു എന്നും ഫ്ലാറ്റിലേയ്ക്ക് ക്ഷണിച്ചെന്നും അവർ ആരോപിച്ചു.
ഇതിനുശേഷം മറ്റൊരു നടിയും ജയസൂര്യക്കെതിരെ പീഡനക്കുറ്റം ചുമത്തി. 2012-2013 കാലഘട്ടത്തിൽ തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയിൽ പറയപ്പെടുന്നു. ബാത്ത്‌റൂമിൽ പോയി വരുന്ന സമയത്ത് പിറകിൽ നിന്ന് കെട്ടിപ്പിടിച്ചതായും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.
ഇരുവരുടെയും പരാതിയിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങൾ ഉൾപ്പെടുത്തി ജയസൂര്യക്കെതിരെ കേസ് എടുത്തിരിക്കുകയാണ്.