ബ്ലാസ്റ്റേഴ്സിൻ്റെ സൂപ്പർ ആരാധകർക്ക് അഭിമാനിക്കാം, ജർമൻ ക്ലബ് തന്നെ മുന്നിട്ടെത്തി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അഭിനന്ദിച്ചു. ഗാലറികളിലെ ആരാധക പിന്തുണകൊണ്ട് പ്രശസ്തമായ രണ്ട് ക്ലബ്ബുകളുണ്ട്. ഒന്ന് കേരള ബ്ലാസ്റ്റേഴ്സും മറ്റൊന്ന് ബുണ്ടസ് ലീഗ് ക്ലബായ ബൊറൂസ്സിയ ഡോർട്ട്മുണ്ടും. ടീമുകൾ മത്സരിക്കുമ്പോൾ ഗാലറികൾ ആരാധകരുടെ ആവേശത്തിൽ മുങ്ങും, ആർപ്പുവിളികളാൽ സമ്പന്നമാകും.
ഹോം മത്സരമാണെങ്കിൽ പിന്നെ മഞ്ഞക്കടലായിരിക്കും സ്റ്റേഡിയങ്ങൾ. ഇങ്ങിവിടെ കൊച്ചിയിലേയും അങ്ങ് സിഗ്നൽ ഇഡുന പാർക്കിലും മഞ്ഞക്കടലിരമ്പം എത്രയോ വട്ടം കണ്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഡോർട്ട്മുണ്ട്. ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബേതെന്ന ചോദ്യവുമായി സാമൂഹികമാധ്യമങ്ങളിൽ നടത്തിയ ഒരു പോൾ പങ്കുവെച്ചാണ് ക്ലബ്ബിൻ്റെ പ്രതികരണം.
ഫിയാഗോ എന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് പോൾ സംഘടിപ്പിച്ചത്. ഫിയാഗോ ഫാൻസ് കപ്പ് എന്ന പേരിൽ സംഘടിപ്പിച്ച പോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ല് ഏതെന്ന ചോദ്യമാണ് ഉന്നയിച്ചത്. പോളിൽ പങ്കെടുത്തവർ കേരള ബ്ലാസ്റ്റേഴ്സാണ് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബെന്ന് വോട്ടും ചെയ്തു. 50.3% പേർ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി വോട്ടുചെയ്തപ്പോൾ 49.7% പേർ ഡോർട്ട്മുണ്ടിനും വോട്ട് ചെയ്തു.
ഫിയാഗോ പുറത്തുവിട്ട ഈ ഫലം പങ്കുവെച്ചാണ് ജർമൻ ക്ലബ്ബ് ബ്ലാസ്റ്റേഴ്സിന് കൈകൊടുത്തത്. രണ്ടുപേർ കൈകൊടുക്കുന്ന ഒരു പോസ്റ്റ് ക്ലബ് പങ്കുവെച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെയാണ് ക്ലബ്ബിൻ്റെ പ്രതികരണം.