
വയനാട് ദുരന്തം : കേന്ദ്ര സഹായം വൈകുന്നത് ശരിയല്ല ; നടപടി ഉടൻ വേണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പേരിൽ വയനാട്ടുകാർക്ക് ലഭിക്കേണ്ടുന്ന സഹായം വൈകുന്നത് അനുവദിക്കാൻ സാധിക്കില്ല. വയനാട് ദുരന്തത്തില്‍ പുനരധിവാസം വേഗത്തിലാക്കണമെന്നാവശ്വപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. കേന്ദ്രസഹായം ഇതുവരെ കിട്ടാത്തത് ഗുരുതരമായ വിഷയമാണ്. വീഴ്ചകള്‍ മൈക്രോസ്‌കോപ്പ് വെച്ച് നോക്കിയിട്ടില്ലന്നും പ്രതിപക്ഷം സ്വീകരിച്ചത് ക്രിയാത്മക സമീപനമാണെന്നും പറഞ്ഞു.
വയനാട്ടില്‍ കേന്ദ്രസഹായം കിട്ടാന്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം. ചൂരല്‍മല – മുണ്ടക്കൈ ദുരന്തത്തില്‍ ക്രിയാത്മകമായ സമീപനമാണ് പ്രതിപക്ഷം കാണിച്ചതെന്നും പുനരധിവാസം വേഗത്തിലാക്കണമെന്നും തീരുമാനം ഉദ്യോഗസ്ഥ തലത്തില്‍ വൈകുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തെരച്ചില്‍ നടപടികളില്‍ പാളിച്ചയുണ്ടായെന്നും ബാക്കി മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഇനിയും തെരച്ചില്‍ നടത്തണമെന്നും പറഞ്ഞു. സഭയില്‍ നടത്തിയ അടിയന്തിര ചര്‍ച്ചയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
കൽപറ്റ എംഎല്‍എ ടി സിദ്ദിഖാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്തം നടന്നിട്ട് 76 ദിവസമായി ഇപ്പോഴും ദുരന്തത്തിന് ഇരയായവര്‍ പ്രയാസത്തിലാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി.. തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തിൽ കാണുന്നില്ല. ദുരന്ത ബാധിതർക്ക് ഇപ്പോഴും പ്രയാസവും വേദനയുമാണ്. പരിക്കേറ്റ പലരും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ ഷൗക്കത്ത് എന്നയാൾ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു. എന്നാല്‍ തെരച്ചില്‍ നടപടികള്‍ ഇപ്പോഴും തുടരുന്നുണ്ടെന്ന് റവന്യൂ മന്ത്രി പറഞ്ഞു.