
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗവും അന്വേഷണ പരിധിയിൽ വരണമെന്ന് കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി പൂര്‍ണമായും പഠിച്ചെന്നും ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണമെന്നും കോടതി വ്യക്തമാക്കി. അതോടൊപ്പം ലൈംഗിക പരാതിയിൽ ഇരകളായവരുടെ സ്വകാര്യത ഒരു കാരണവശാലും പുറത്തുപോകരുതെന്നും കോടതി കർശന നിർദേശം നൽകി.
മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കേസെടുക്കാവുന്ന കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ വ്യക്തമായെന്ന് കോടതി പറഞ്ഞു. റിപ്പോര്‍ട്ടിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വളരെ ഗൗരവത്തോടെയാണ് ഹൈക്കോടതി കാണുന്നതെന്നത് ഉത്തരവിൽ വ്യക്തമാണ്. പ്രത്യേക അന്വേഷണസംഘം നിയമം അനുശാസിക്കുന്ന നടപടികളുമായി മുന്നോട്ട് പോകണമെന്നും കോടതി നിർദേശിച്ചു.
വെളിപ്പെടുത്തലുകൾ നടത്തിയ അതിജീവിതകളുടെ പേര് ഒരു കാരണവശാലും പുറത്തുപോകരുതെന്നും കോടതി അന്വേഷണസംഘത്തിനെ ഓർമിപ്പിച്ചു. എഫ്ഐആർ ഉൾപ്പെടയുള്ള രേഖകളിലും പേര് ഉണ്ടാകരുതെന്നും ഈ രേഖകൾ പരാതിക്കാർക്ക് മാത്രമേ നല്‍കാവൂ എന്നും കോടതി ഉത്തരവിലുണ്ട്. അതിജീവിതമാരെ മൊഴി നൽകാൻ ഒരുകാരണവശാലും നിർബന്ധിക്കരുതെന്നും കോടതി പറഞ്ഞു.
സിനിമാ മേഖലയിലെ ലൈംഗിക അതിക്രമ പരാതികളില്‍ മാത്രമാണ് പ്രത്യേക അന്വേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹൈക്കോടതി ഉത്തരവ് വന്നതോടെ ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും അന്വേഷണം നീങ്ങുമെന്ന് വ്യക്തമാണ്.