
‘ബാർ റെക്കോർഡ്’ തകർക്കാൻ എം.ബി. രാജേഷ്; ഖജനാവിന് നഷ്ടം, നേട്ടം പാർട്ടിക്ക്!
തിരുവനന്തപുരം: പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ ഒന്നാം പിണറായി സർക്കാരിലെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ സ്ഥാപിച്ച റെക്കോർഡ് മറികടക്കാൻ ഇപ്പോഴത്തെ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ടി.പി. രാമകൃഷ്ണൻ 200 പുതിയ ബാറുകൾക്ക് അനുമതി നൽകിയപ്പോൾ, എം.ബി. രാജേഷ് ഇതിനോടകം 177 പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് വർഷമായതിനാൽ, അമ്പതോളം പുതിയ അപേക്ഷകളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും, ഇതോടെ രാജേഷ് റെക്കോർഡ് മറികടക്കുമെന്നുമാണ് വിലയിരുത്തൽ.
അതേസമയം, സംസ്ഥാനത്ത് ബാറുകളുടെ എണ്ണം കുത്തനെ കൂടുമ്പോഴും, അവയിൽ നിന്നുള്ള നികുതി വരുമാനം ഗണ്യമായി കുറയുന്നത് വലിയ സംശയങ്ങൾക്ക് വഴിവെക്കുന്നു.
ബാറുകൾ കൂടുന്നു, വരുമാനം കുറയുന്നു
2022-23 സാമ്പത്തിക വർഷം ബാർ ഹോട്ടലുകളിൽ നിന്ന് നികുതിയിനത്തിൽ 617.23 കോടി രൂപ ലഭിച്ചപ്പോൾ, 2024-25ൽ ഇത് 566.93 കോടി രൂപയായി കുറഞ്ഞു. ബാറുകളുടെ എണ്ണം വർധിച്ചിട്ടും ഖജനാവിലേക്കുള്ള വരുമാനം കുറയുന്നതിന് കാരണം, ബാറുകളിൽ നിന്നുള്ള ഭീമമായ തുക പാർട്ടി ഫണ്ടുകളിലേക്ക് ഒഴുകുന്നതാണെന്നും, ഇതിന്റെ ഫലമായി ബാറുകളിലെ പരിശോധനകൾ പേരിന് മാത്രമായി ഒതുങ്ങുന്നുവെന്നും ആക്ഷേപം ശക്തമാണ്.
ഉമ്മൻ ചാണ്ടി പൂട്ടിച്ചു, പിണറായി തുറന്നു
ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ സംസ്ഥാനത്ത് വെറും 29 ബാറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, ഉമ്മൻ ചാണ്ടി സർക്കാർ റദ്ദാക്കിയ 442 ബാറുകളുടെ ലൈസൻസ് പുനഃസ്ഥാപിക്കുകയും, അതിന് പുറമെ 200 പുതിയ ബാറുകൾക്ക് ലൈസൻസ് നൽകുകയും ചെയ്തിരുന്നു. ഈ നയം രണ്ടാം പിണറായി സർക്കാരിലും തുടരുകയാണ്.