CinemaCrime

സൽമാൻ ഖാൻ്റെ ജീവന് ഭീഷണിയുയർത്തി ബിഷ്ണോയ് സംഘം

ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത ലോറൻസ് ബിഷ്ണോയ് സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി. 1998 ൽ രാജസ്ഥാനിൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ നിന്ന് സൽമാനെതിരെ വിരോധം തുടങ്ങിയ ലോറൻസ് ബിഷ്ണോയ് 2018 മുതൽ സൽമാനെ വധിക്കുമെന്ന് ഭീഷണി മുഴക്കുന്നുണ്ട്. പഞ്ചാബി ഗായകൻ സിദ്ദു മൂസ് വാലയുടെ കൊലപാതകത്തിന് പിന്നിലും ലോറൻസ് ബിഷ്ണോയ് സംഘം തന്നെ ആയിരുന്നു. മുംബൈയിൽ കൊല്ലപ്പെട്ട ബാബാ സിദ്ദിഖി എൻസിപി നേതാവും മുൻ മഹാരാഷ്ട്രാ മന്ത്രിയും ആയിരുന്നു. ഇതോടെ വീണ്ടും സംഘത്തിൻ്റെ പ്രാധാന്യം ചർച്ചയാകുകയാണ്.

ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധമുള്ള പ്രശസ്ത രാഷ്ട്രീയ നേതാവായ ബാബാ സിദ്ദിഖി ബാന്ദ്രയിലെ ഓഫീസിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ലോറൻസ് ബിഷ്ണോയ് സംഘം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സൽമാൻ ഖാനും ബാബാ സിദ്ദിഖിയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അദ്ദേഹം സിദ്ദിഖിയുടെ ഇഫ്താർ വിരുന്നുകളിലെ സ്ഥിരം സാന്നിധ്യവും ആയിരുന്നു. സൽമാനെതിരെയുള്ള ഭീഷണിക്ക് ഇതോടെ പ്രാധാന്യം കൂടിയിരിക്കുകയാണ്.

1998-ൽ രാജസ്ഥാനിൽ സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതി ആയിരുന്നു സൽമാൻ ഖാൻ. പിന്നീട് ഇദ്ദേഹത്തിന് കേസിൽ ജാമ്യം കിട്ടി. ഈ സംഭവമാണ് പിന്നീട് ബിഷ്ണോയ്-സൽമാൻ വിരോധത്തിന് കാരണം.

ലോറൻസ് ബിഷ്ണോയ്-സൽമാൻ ഖാൻ വിരോധം

ബിഷ്ണോയ് സമുദായം പരിപാവനമായി കാണുന്നതാണ് കൃഷ്ണമൃഗം. ഇതിനെ സൽമാൻ ഖാൻ വേട്ടയാടിയതിലുള്ള വിരോധമാണ് ഇപ്പോഴത്തെ പകയ്ക്ക് കാരണം. 1998 ൽ സംഭവം നടക്കുമ്പോൾ അഞ്ച് വയസ് പ്രായമുള്ള ബിഷ്ണോയ് 2018-ൽ പോലീസ് കസ്റ്റഡിയിലിരിക്കെ സൽമാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

പുതിയ സംഭവ വികാസങ്ങൾ

2024 ഏപ്രിലിൽ സൽമാൻ ഖാൻ മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ ഉള്ളപ്പോൾ പുറത്ത് വെടിവെപ്പ് നടന്നിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ സൽമാന്റെ പിതാവായ സലിം ഖാന്‍റെ വീട്ടിന് സമീപം ഭീഷണി കത്തുകൾ ലഭിച്ചതും, മുംബൈ പോലീസിന്റെ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വന്നതും വാർത്തകളിൽ ഇടം നേടിയിരുന്നു.

സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു

സൽമാൻ ഖാന്റെ വീടിനും അടുത്തുള്ള സ്ഥലങ്ങൾക്കും പോലീസ് സുരക്ഷ ശക്തമാക്കി. അദ്ദേഹം ഇപ്പോൾ വൈ പ്ലസ് കാറ്റഗറി സുരക്ഷയിലാണ്. ഏത് സമയത്തും അദ്ദേഹത്തിന്‍റെ ജീവന് ഭീഷണിയുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനാൽ സുരക്ഷാ വീണ്ടും ശക്തമാക്കാൻ തീരുമാനം ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *