Kerala Government News

കെ.എഫ്.സി അഴിമതി: സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

അനിൽ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍.സി.എഫ്.എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 60.80 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയത്. കെ.എഫ്.സി പണം നിക്ഷേപിച്ച് സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

1 ) സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആക്ടിലെ സെക്ഷന്‍ 34 പ്രകാരം കെ.എഫ്.സി നടത്തുന്ന നിക്ഷേപങ്ങള്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നിരിക്കെ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ കെ.എഫ്.സി നടത്തിയ നിക്ഷേപം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നോ?

2 ) റിലയന്‍സില്‍ (ആര്‍.സി.എഫ്.എല്‍) കെ.എഫ്.സി നിക്ഷേപം നടത്തുന്നതിന് മുന്‍പ് ആര്‍.സി.എഫ്.എല്ലിന്റെ മാതൃ സ്ഥാപനമായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റിഡിന്റെയും സഹോദര സ്ഥാപനമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെയും സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ബാധ്യതകളും പരിശോധിച്ചിരുന്നോ ?

3 അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ കെ.എഫ്.സി 60.80 കോടി രൂപ നിക്ഷേപിക്കുമ്പോള്‍ റിലയന്‍സ് ഗ്രൂപ്പിന് രാജ്യത്തെ വിവിധ ബാങ്കുകളില്‍ 50000 കോടിയുടെ ബാധ്യത ഉണ്ടെന്ന വസ്തുത വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത ആയിട്ടും കെ.എഫ്.സിയും സര്‍ക്കാരും അറിഞ്ഞില്ലേ?

4) കെയര്‍(CARE) എന്ന റേറ്റിംഗ് ഏജന്‍സി ആര്‍.സി.എഫ്.എല്‍നെയും സഹോദര സ്ഥാപനങ്ങളെയും കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ‘Credit watch with developing implications’ എന്ന ആശങ്ക രേഖപ്പെടുത്തിയത് കെ.എഫ്.സി പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?

5) അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ കെ.എഫ്.സി നടത്തിയ നിക്ഷേപത്തെ കുറിച്ച് 2018 ലെയും, 2019 ലെയും കെ.എഫ്.സി വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ മറച്ചുവച്ചതിന്റെ കാരണം വിശദമാക്കാമോ? ഇതു സംബന്ധിച്ച് നിയമസഭയില്‍ മുന്‍പ് രണ്ടു തവണ ചോദ്യം വന്നിട്ടും ഇതുവരെ മറുപടി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്?

Leave a Reply

Your email address will not be published. Required fields are marked *