കളിക്കളം വിടാൻ ഒരുങ്ങുകയാണ് ഗോവൻ പ്ലയെർ ജെസ്സെൽ കാർനേരിയോ. 2021 മുതൽ 2023 വരെ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ നായകബാൻഡ് അണിഞ്ഞ താരമാണ് ജെസ്സൽ. 2019 ൽ ഗോവൻ ക്ലബ് ടെമ്പോയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഈ പ്രതിരോധ താരം, 2019-20 സീസണിൽ ടീമിനായി എല്ലാ മത്സരവും ഫുൾ ടൈം കളിച്ച ഏകതാരമായിരുന്നു.
ആദ്യ സീസണിൽ മികച്ച പ്രകടനം നടത്തിയ ജെസ്സലിന് പിന്നീട് ആ മികവ് നിലനിർത്താനായില്ല. എങ്കിലും ബ്ലാസ്റ്റേഴ്സിൻ്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ സ്ഥിരസാന്നിധ്യമായിരുന്നു ഈ ഗോവക്കാരൻ. എന്നാലിപ്പോൾ കളിക്കളത്തോട് പൂർണമായും വിടപറഞ്ഞ അവസ്ഥയിലാണ് താരം.
2023 ൽ കേരളാ ബ്ലാസ്റ്റേഴ്‌സുമായി ജെസ്സലിന് കരാർ അവസാനിച്ചെങ്കിലും ക്ലബിന് ഒരു വർഷം കൂടി താരത്തെ നിലനിർത്താൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ അതിനിടയിൽ ബെംഗളൂരു എഫ്സി നൽകിയ രണ്ട് വർഷത്തെ കരാറിൽ താരം താൽപ്പര്യം പ്രകടിപ്പിക്കുകയും ബെംഗളൂരുവുമായി രണ്ട് വർഷത്തെ കരാർ ഒപ്പിടുകയും ചെയ്തു.
ജെസ്സലിൻ്റെ ഭാവി എന്താകും?
2023 ൽ ബംഗളുരുവിൽ എത്തിയ താരത്തിൻ്റെ കരാർ യഥാർത്ഥത്തിൽ 2025 ലാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ ഈ കരാർ അവസാനിക്കുന്നതിന് മുൻപ് ബംഗളൂരു താരത്തെ ഓഫ് ലോഡ് ചെയ്തു. ഈ സീസണിലെ പ്രീസീസൺ മത്സരങ്ങൾക്കായി ബംഗളൂരു താരത്തെ ഉൾപ്പെടുത്തിയില്ല. പ്രീസീസണിൽ മാത്രമല്ല, ഐഎസ്എൽ സ്‌ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയില്ല. നിലവിൽ ബംഗളുരു എഫ്സിയുടെ ക്യാമ്പിൽ പോലും ജെസ്സലില്ല.
കഴിഞ്ഞ സീസണിൽ മാർച്ച് 14 ന് എഫ്സി ഗോവയുമായി നടന്ന മത്സരത്തിലാണ് താരം അവസാനമായി കളിച്ചത്. അന്ന് ബെഞ്ചിൽ നിന്ന് സ്റ്റാർട്ട് ചെയ്ത താരം കേവലം 32 മിനുട്ട് മാത്രമാണ് കളിച്ചത്. ഇതിന് ശേഷം ബംഗളുരുവിൻ്റെ രണ്ട് മത്സരങ്ങളിൽ താരം ബെഞ്ചിലുണ്ടായിരുന്നെങ്കിലും അവസരം കിട്ടിയില്ല. പിന്നീടുള്ള കളിയിലാവട്ടെ താരത്തെ ബംഗളുരു സ്‌ക്വാഡിൽ പോലും ഉൾപ്പെടുത്തിയില്ല.