മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയായിരുന്ന ബാബ സിദ്ദിഖിന്‍രെ കൊലപാതകം ചെയ്തത് തങ്ങളാണെന്ന് ലോറന്‍സ് ബിഷ്ണോയി സംഘം. എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖ് (66) ഇന്നലെ രാത്രിയിലാണ് മുംബൈയിലെ ബാന്ദ്ര ഈസ്റ്റിലുള്ള മകന്‍ സീഷന്‍ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായിരുന്നു.
ഗുര്‍മൈല്‍ ബല്‍ജിത് സിംഗ് (23), ധരംരാജ് കശ്യപ് (19), ശിവ് കുമാര്‍ ഗൗതം എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നില്‍ ഇനിയും ആളുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. മറ്റ് പ്രതികള്‍ ഒളിവിലാണ്. ശനിയാഴ്ച്ച രാത്രി ഒന്‍പതരയ്ക്കാണ് പ്രതികള്‍ ബാബയെ വെടിവയ്ക്കുന്നത്. തലയ്ക്കും നെഞ്ചിലുമേറ്റ വെടിയാണ് ബാബയുടെ മരണത്തിന് കാരണമായത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കുപ്രസിദ്ധ ഗുണ്ടാ സംഘമായ ബിഷ്ണോയി കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബിഷ്ണോയ് സംഘത്തിന്റെ കൂട്ടാളിയായ ശുഭം രാമേശ്വര്‍ ലോങ്കര്‍ ആണ് ബാബയുടെ മരണത്തിന് പിന്നില്‍ തങ്ങളാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെട്ടത്.
പ്രതികള്‍ മാസങ്ങളായി സിദ്ദിഖിനെ നിരീക്ഷിച്ചു വരികയും അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും നിരീക്ഷണം നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് 50,000 രൂപ വീതം മുന്‍കൂറായി കൃത്യം നടത്തുന്നതിനായി നല്‍കിയിരുന്നതായും കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ആയുധങ്ങള്‍ എത്തിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി. വെടിവെപ്പ് നടന്ന വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് മുംബൈ പോലീസ്.