അൽക്കയുടെ മകൾ മുമ്പ് അവരുടെ പ്രദേശത്തെ ഒരാളോടൊപ്പം ഒളിച്ചോടി പോയിരുന്നു. എന്നാൽ മകൾക്ക് ആരുമായി ബന്ധമുണ്ടെന്ന് അവൾക്ക് അറിയില്ലായിരുന്നു. 17 കാരിയായ മകളുടെ പെരുമാറ്റത്തിൽ മടുത്ത അമ്മ ഒരു വാടകകൊലയാളിയെ ഏർപ്പാടാക്കി. മകളെ കൊലപ്പെടുത്തുവാൻ 38 കാരനായ സുഭാഷ് സിംഗ് എന്ന വാടകക്കൊലയാളിക്ക് അൽക്ക പണം നൽകുകയും ചെയ്തു. എന്നാൽ അൽക്ക അറിയാത്ത ഒരു കാര്യം ഉണ്ടായിരുന്നു – സുഭാഷ് മകളുടെ കാമുകനായിരുന്നു. അയാൾ മകളെ കൊല്ലുന്നതിനു പകരം അൽക്കയെ കൊലപ്പെടുത്തി. മകളുടെ വിവാഹാഭ്യർത്ഥനയ്ക്ക് പകരമായി ഇയാൾ അൽക്കയെ കൊലപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശിലെ എറ്റാ ജില്ലയിലെ ജസ്രത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒക്‌ടോബർ ആറിന് അൽക്കയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കരാർ കൊലയുടെ ഈ കഥ അത്ര നിസ്സാരമല്ല. സിനിമാക്കഥ പോലെ ഓരോ അധ്യായം രൂപപെടുമ്പോൾ കഥാപാത്രങ്ങളുടെ എണ്ണവും വർദ്ധിക്കും. കഴിഞ്ഞ ആഴ്ച, ഒക്ടോബർ 5 ശനിയാഴ്ച, അൽക്ക ദേവി ഒരു കേസുമായി ബന്ധപ്പെട്ട് എറ്റായിലേക്ക് പോയിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് രമാകാന്ത് മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അയാൾ തന്റെ ഭാര്യയെ നാടാകെ തിരഞ്ഞുവെങ്കിലും അതെല്ലാം വെറുതെയായി. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഞായറാഴ്ച വൈകുന്നേരം സ്റ്റേഷനിൽ നിന്ന് ഒരു കാൾ വന്നു. ഒരു മൃതദേഹം തിരിച്ചറിയുന്നതിനായിരുന്നു അത്. മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ, രമാകാന്ത് ഗ്രാമത്തിൽ നിന്നുള്ള അഖിലേഷ്, അനികേത് എന്നിവർക്കെതിരെ ജസ്രത്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
അൽക്കയുടെ മകളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ ഇരുവരും പ്രതികളാണ്. ഇരുവരെയും നയാഗാവ് പോലീസാണ് അറസ്റ്റ് ചെയ്തിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി അവളുടെ കുടുംബത്തിലേക്ക് അയച്ചിരുന്നു.
സംഭവത്തിൽ വ്യാകുലയായ അൽക്ക ദേവി തൻ്റെ മകളെ ഫറൂഖാബാദ് ജില്ലയിലെ സിക്കന്ദർപൂർ ഖാസ് ഗ്രാമത്തിലെ മാതൃ വീട്ടിലേക്ക് അയച്ചു. അവിടെവെച്ച് 38 കാരനായ സുഭാഷുമായി പ്രണയത്തിലാവുകയായിരുന്നു. ഇയാൾ 10 വർഷം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. പ്രണയത്തിലായതിനെ തുടർന്ന് സുഭാഷ് പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ഗതികെട്ട് ഒടുവിൽ അൽക്ക മകളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ശേഷം, സുഭാഷുമായി ഫോണിലൂടെ ബന്ധപ്പെടുകയും ഇയാൾക്ക് മകളെ കൊല്ലാൻ 50,000 രൂപ വാഗ്ദാനവും നൽകി. തൻ്റെ മകളുമായി ബന്ധമുണ്ടായിരുന്ന ആളാണ് സുഭാഷ് എന്ന് അവൾ അറിഞ്ഞിരുന്നില്ല. വിവരം പെൺകുട്ടിയോട് സുഭാഷ് വെളിപ്പെടുത്തി. എടുത്തുചാട്ടക്കാരിയായ മകൾ തന്റെ അമ്മയെ കൊന്നാൽ സുഭാഷിനെ വിവാഹം കഴിക്കാം എന്ന വാഗ്ദാനം അയാൾക്ക് നൽകി. തുടർന്ന് അൽക്കയെ വിഡ്ഢിയാക്കികൊണ്ട് ഇരുവരും തങ്ങളുടെ പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു. എന്നാൽ കരാർ പ്രകാരം വാഗ്ദാനം ചെയ്ത 50,000 രൂപ അൽക്ക നൽകാത്തതിനെ തുടർന്ന് സുഭാഷ് ആഗ്രയിലേക്ക് ഇരുവരെയും വിളിച്ചു വരുത്തിയിരുന്നു.
മൂവരും ആഗ്രയിൽ നിന്ന് എറ്റായിലേക്ക് യാത്ര ചെയ്ത് രാമലീല മേളയിലേക്ക് പോയി. അവിടന്ന് അലിഗഞ്ചിനു മുമ്പേ ഇറങ്ങി അവർ അൽക്കയെ നാഗ്ല ചന്ദനിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ഇരുവരും കുറ്റസമ്മതം നടത്തിയത്. മകളും കാമുകനും പോലീസ് കസ്റ്റഡിയിലാണ്.