CinemaNews

ആ ഫോൺ കോൾ ചെയ്യരുതായിരുന്നു : ജോജു ജോർജ്

റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ജോജു ജോർജ്. അങ്ങനെയൊരു ഫോൺ കോൾ താൻ ചെയ്യരുതായിരുന്നു. നെഗറ്റീവ് റിവ്യു എല്ലായിടത്തും പ്രചരിപ്പിച്ചതില്‍ പ്രകോപിതനായതാണെന്നും പെട്ടന്നുണ്ടായ കോലാഹലത്തിലാണ് ആ കോൾ സംഭവിച്ചതെന്നും ജോജു ജോർജ് പറയുന്നു. സൗദിയിൽ ‘പണി’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു താരം.

‘‘സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല വിളിച്ചത്. ടിക്കറ്റ് എടുത്ത് സിനിമ കണ്ട എല്ലാവരും അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറയണം. പക്ഷേ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു. അതിന്‍റെ പേരില്‍ ഉണ്ടായ കോലാഹലത്തില്‍ ഞാന്‍ ഒരു കോള്‍ ചെയ്തുപോയി. അത് വിളിക്കരുതായിരുന്നു.’’ എന്നാണ് ജോജു ജോർജ് പറയുന്നത്.

അതേസമയം, “നിനക്ക് ധൈര്യമുണ്ടോടാ എന്റെ മുന്നിൽ വന്നു നിൽക്കാൻ. നാളെ നീ എവിടെയുണ്ടാകും ? സിനിമയിൽ റേപ്പ് സീൻ എങ്ങനെയാണ് പിടിക്കേണ്ടതെന്ന് നീയൊന്ന് എനിക്ക് പഠിപ്പിച്ചു തരണം. ഞാൻ നിന്റെ അടുത്തേക്ക് വരാം. നീ എല്ലാദിവസവും ഓർത്തിരുന്നാൽ മതി എന്നെ. ഞാൻ പ്രൊവോക്ക്ഡ് ആയിട്ട് നീ കണ്ടിട്ടുണ്ടോ ? ഞാൻ പ്രൊവോക്ക്ഡ് ആയാൽ നീ മുള്ളിപ്പോകും എന്നൊക്കെയായിരുന്നു ജോജു ഫോണിലൂടെ യുവാവിനോടു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *