തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണത്തിനോട് സഹകരികരിക്കുന്നില്ലെന്ന് പോലീസ്. സിദ്ദിഖ് ഹാജരാക്കാമെന്ന് ഉറപ്പ് നൽകിയ തെളിവുകൾ നൽകുന്നില്ലെന്നാണ് പോലീസ് ഭാഷ്യം. മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്ന് രണ്ടാം ഘട്ട ചോദ്യം ചെയ്യൽ നടത്തിയിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിൽ വെച്ച് എസ്‌പി മെറിൻ ജോസഫ് ആയിരുന്നു ചോദ്യം ചെയ്തത്.
സിദ്ദിഖ് ഒളിവിൽ പോയിരുന്നപ്പോൾ അറസ്റ്റ് ചെയ്യാൻ പരക്കം പാഞ്ഞ പോലീസ് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യൽ നടപടി മന്ദഗതിയിലാക്കിയിരുന്നു. ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ല എന്ന വാദം കോടതിയിൽ ഉയർത്തി ജാമ്യം റദ്ദാക്കുമെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കാണിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് രണ്ട് തവണ മെയിൽ അയച്ചിരുന്നു. പിന്നാലെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചത്.
താൻ നിരപരാധി ആണെന്നതിനുള്ള തെളിവുകൾ തൻ്റെ പക്കൽ ഉണ്ടെന്നും ഇത് ഹാജരാക്കാൻ എന്നും സിദ്ദിഖ് കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ ഈ തെളിവുകൾ അടങ്ങുന്ന ഫോണും ക്യാമറയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ സിദ്ദിഖ് തയ്യാറായില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി നൽകിയില്ലെന്നും രേഖകള്‍ ഹാജരാക്കാൻ കൂട്ടാക്കിയില്ലെന്നും പോലീസ് പറയുന്നു. തുടർന്നാണ് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റിവെച്ചത്. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ഇത്തവണയും സിദ്ദിഖ് അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നതാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ വിവരം സുപ്രിം കോടതിയെ ധരിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം.
2016 മുതലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ തൻ്റെ കൈവശമുണ്ടെന്നായിരുന്നു സിദ്ദിഖ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2016-17 കാലത്തെ ക്യാമറയും ഐപാഡ്, ഫോണ്‍ എന്നിവ ഇപ്പോള്‍ തൻ്റെ കൈയ്യിൽ ഇല്ലെന്നാണ് ശനിയാഴ്ച ഹാജരായപ്പോള്‍ സിദ്ദിഖ് അറിയിച്ചത്. അത്
പീഡനം നടന്നുവെന്ന് പറയുന്ന സമയത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതും സിദ്ദിഖ് ഹാജരാക്കിയിട്ടില്ല. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. മുൻകൂർ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കം അന്വേഷണ സംഘം നടത്തുമെന്നാണ് സൂചന.