താരിഫ് നിരക്ക് വർദ്ധനയ്ക്ക് ശേഷം ഏറ്റവും ആകർഷകമായ ഐ.എസ്.ഡി. പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. ഏറ്റവും താങ്ങാവുന്ന നിരക്കിൽ ഐ.എസ്.ഡി. മിനുറ്റുകൾ ക്രമീകരിച്ച വാല്യു ഫോർ മണി പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ആവശ്യത്തിന് അനുസരിച്ച് എത്ര തവണ വേണമെങ്കിലും റീചാർജ് ചെയ്യാം , എല്ലാ ജിയോ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാർക്കും ഇത് ലഭ്യമാകും എന്നീ സവിശേഷതകളോട് കൂടെയാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് റീചാർജ് പാക്കുകളാണെന്ന പ്രത്യേകതയും ഇതിനുണ്ട് .
21 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ രാജ്യത്തിനും അനുസരിച്ചുള്ള സവിശേഷ ഐ.എസ്.ഡി.പ്ലാനുകൾ ലഭ്യമാണെന്ന് ജിയോ അറിയിച്ചു. യു.എ.ഇ, സൗദി അറേബ്യ, തുർക്കി, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കുള്ള പുതിയ ഐ.എസ്.ഡി. മിനിറ്റ് പാക്കുകൾ 99 രൂപയ്ക്ക് ലഭ്യമാണ്. 10 മിനിറ്റിന്റെ ആനുകൂല്യമാണ് ഉപഭോക്താവിന് ലഭിക്കുക.
ചൈന, ഭൂട്ടാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് 15 മിനിറ്റ് സംസാരിക്കാൻ 89 രൂപയുടെ പാക്ക് ലഭ്യമാണ്. യു.കെ, ജർമനി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്ലാനിന് 79 രൂപയാണ് വില. ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയടങ്ങളിലേക്ക് 69 രൂപയ്ക്കും സിംഗപ്പൂർ, തായ്ലൻഡ്, മലേഷ്യ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 59 രൂപയ്ക്കുമുള്ള പ്ലാനുകൾ ലഭ്യമാണ്.