ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷയും ഭാരവാഹികളുമായി തമ്മിലടി രൂക്ഷമാവുമ്പോൾ ഇന്ത്യക്ക് നൽകി വരുന്ന സ്കോളർഷിപ്പ് അല്ലാത്ത മറ്റു ധനസഹായങ്ങളെല്ലാം അന്താരാഷ്ട്ര ഒളിമ്പിക് കൗൺസിൽ നിർത്തലാക്കി. ഈ മാസം 8 ന് ചേർന്ന യോഗത്തിലാണ് നിർത്തലാക്കിയുള്ള തീരുമാനം എടുത്തത്.
ഇത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷയെ അറിയിച്ചു. വലിയ തിരിച്ചടിയാണ് ഇതിലൂടെ ഇന്ത്യൻ കായിക മേഖലയ്ക്ക് നേരിടേണ്ടിവന്നത്. 2036 ലെ ഒളിമ്പിക് സ്വപ്നങ്ങൾക്കും ഇത് തിരിച്ചടിയാവും. പ്രസിഡൻ്റ് പി ടി ഉഷയും എക്സിക്യൂട്ടീവ് അംഗങ്ങളും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തിലാണ് ഐഓസി ഈ തീരുമാനം എടുത്തത്.
ഒളിമ്പിക് മോഹങ്ങൾ ഇനിയുമേറെ ചിറകുവെക്കാനുള്ള രാജ്യത്ത് താരങ്ങളെ വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ ഒളിമ്പിക് കമ്മിറ്റി ഫണ്ടുകൾ പ്രശ്നം പരിഹരിക്കപ്പെടുംവരെ പൂർണമായി നിലക്കും. ഇതാകട്ടെ, രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേട്ടം സ്വപ്നം കാണുന്ന താരങ്ങളുടെ വിദഗ്ധ പരിശീലനത്തിന് ആവശ്യമായ പൈസ മുടങ്ങും.
എല്ലാ രാജ്യങ്ങളിലെയും ഒളിമ്പിക് സമിതികൾക്ക് ഇത്തരത്തിൽ ഐക്യദാർഢ്യ ഫണ്ട് നൽകിവരുന്നുണ്ട്. കായിക താരങ്ങളുടെ വളർച്ചക്ക് തുക ഉപയോഗപ്പെടുത്തണമെന്നാണ് ചട്ടം.
താരങ്ങളുടെ പരിശീലനം മുടങ്ങും
കഴിഞ്ഞ നാലു വർഷങ്ങളിൽ പ്രതിവർഷം 8.50 കോടി രൂപ വീതം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ലഭിച്ചിട്ടുണ്ട്. ഉഷയും എക്സിക്യൂട്ടിവ് ബോർഡിലെ 12 അംഗങ്ങളും തമ്മിലെ പിണക്കം രൂക്ഷമായ സാഹചര്യത്തിൽ ഒക്ടോബർ 25ന് അസോസിയേഷൻ പ്രത്യേക ജനറൽ ബോഡി വിളിച്ചിട്ടുണ്ട്.
അസോസിയേഷനിലെ തർക്കങ്ങൾക്കിടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ (ഐ.ഒ.എ) ആദ്യ വനിത പ്രസിഡൻ്റായി ചുമതലയേറ്റ് രണ്ടുവർഷം തികയുംമുമ്പാണ് ഉഷക്കെതിരെ പടയൊരുക്കം. 25ലെ പ്രത്യേക ജനറൽ ബോഡിയിൽ ഉഷക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് ചൗബേ ഉത്തരവിറക്കിയിരുന്നു. എന്നാൽ, യോഗം വിളിക്കാൻ അധികാരമില്ലെന്ന് ഉഷയും നിലപാടെടുത്തിട്ടുണ്ട്.
രഘുറാം അയ്യരെ സി.ഇ.ഒ ആയി നിയമിച്ചത് ജനുവരി അഞ്ചിലെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരത്തോടെയാണെന്ന് ഉഷ പറയുന്നുണ്ടെങ്കിലും വിമതപക്ഷം അംഗീകരിക്കാൻ തയാറായിട്ടില്ല. അതിനിടെ, റിലയൻസുമായി തെറ്റായ സ്പോൺസർഷിപ് കരാർ കാരണം 24 കോടിയുടെ നഷ്ടം വരുത്തിയെന്നതടക്കം ഉഷക്കെതിരെ മറുപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നു.