രാജ്ഭവനിലേക്കുള്ള ഉദ്യോ​ഗസ്ഥരുടെ വരവിന് തടയിട്ട് ​ഗവർണർ

തിരുവനന്തപുരം : ​രാജ്ഭവനിലേക്കുള്ള ഉദ്യോ​ഗസ്ഥരുടെ വരവിന് തടയിട്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഇനി മുതൽ ​ഗവർണർക്ക് മുന്നിൽ നൽകേണ്ടുന്ന വിശദീകരണമെന്ന രീതിയിലുള്ള ഉദ്യോ​ഗസ്ഥരെ വിടുന്ന പതിവ് വേണ്ടെന്നും ഔദ്യോ​ഗിക വിശദീകരണം നൽകേണ്ടുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എന്ന ന്യായീകരണത്തോടെയാണ് ​ഗവർണറുടെ ഈ സുപ്രധാന തീരുമാനം.

ഇതിനെല്ലാത്തിനും കാരണം ചിലരെയെല്ലാം രക്ഷപ്പെടുത്താനുള്ള സർക്കാർ ശ്രമമെന്ന് പറയാതെ വയ്യ. എന്ന് വച്ചാൽ ഇടത് മുന്നണിയുടെ പ്രധാനികളിലൊരാളെന്ന് പറഞ്ഞ് നടന്നിരുന്ന പിവി അൻവർ എംഎൽഎ സഖാക്കളുടെ ഭാഷയിൽ പറഞ്ഞാൽ പാലുകൊടുത്ത കൈക്ക് തന്നെ തിരിച്ച് കൊത്തിയ നിലപാട് കൊണ്ട് ആരംഭിച്ച പുകിലാണ് ഇതെല്ലാം. ഒരിക്കൽ പാർട്ടി നായക പരിവേശം കൊടുത്ത് കൊണ്ട് നടന്നിരുന്ന പിവി അൻവർ എംഎൽഎ പാർട്ടിക്കെതിരെ കഴിഞ്ഞ ഒരു മാസത്തോളമായി അതിരൂക്ഷ വിമർശനവുമായി രം​ഗത്ത് ഉണ്ട്.

ക്രമസാധാന ചുമതലയുള്ള എ.ഡി.ജി.പി എം ആർ അജിത്ത് കുമാർ മുതൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളാണ് പിവി അൻവർ ഉന്നയിച്ചിരിക്കുന്നത്. കാര്യം പാർട്ടിയ്ക്കുള്ളിലെ തമ്മിൽ തല്ലാണ് എങ്കിൽ പോലും പിവി അൻവർ ഉന്നയിക്കുന്ന വിഷയങ്ങൾ കേവലം ഒരു രാഷ്ട്രീയ പോരിലൊതുങ്ങുന്നതല്ല. സംസ്ഥാനത്തിന്റെ തന്നെ സർക്കാർ സംവിധാനത്തേയും സംസ്ഥാനത്തിന്റെ സുരക്ഷയേയുമെല്ലാം നിരർത്ഥമാക്കാൻ കഴിയുന്ന വിഷയങ്ങളാണ്.

അത്തരത്തിൽപ്പെട്ട സ്വർണക്കടത്ത്, ഹവാല എന്നിവയിലെ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ വിവാദപരാമർശത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും നേരിട്ടെത്തണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടപ്പോൾ ഉദ്യോ​ഗസ്ഥർക്ക് അനുകൂലമായ രീതിയിലായിരുന്നു സർക്കാർ നിലപാട്. ​ഗവർണറുടെ ആവശ്യം സർക്കാർ നിരസിച്ചു. ഭരണഘടനയുടെ 167-ാം അനുച്ഛേദപ്രകാരം ഗവർണർക്ക് വിശദീകരണം നൽകേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉത്തരവാദിത്വമാണെന്നും ഉദ്യോഗസ്ഥർക്ക് അതിനുള്ള ബാധ്യതയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഇതോടെ വാളെടുത്തവൻ വാളാൽ എന്ന് പറയുന്നത് പോലെ പണി കിട്ടിയിരിക്കുന്നത് സംസ്ഥാന സർക്കാരിന് തന്നെയാണ്. അതായത് എന്നാൽ ഇനി ചട്ടപ്രകാരം വിശദീകരണം നൽകാൻ ഉദ്യോ​ഗസ്ഥരെ പറഞ്ഞ് വിട്ട് പണി കഴിക്കുന്ന രീതി വേണ്ടെന്നും ചട്ടപ്രകാരം ഉദ്യോ​ഗസ്ഥരല്ല മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടുള്ള വിശദീകരണം നൽകിയാൽ മതിയെന്നും ​ഗവർണർ തീരുമാനിച്ചു.

ഇതിന്റെ ഭാ​ഗമായാണ് ഗവർണർക്കുമുന്നിൽ വിശദീകരണം നൽകാൻ ഇനിമുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം രാജ്ഭവിൽ എത്തിയാൽമതിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ ഇനി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ഇനിയങ്ങോട്ട് എന്ത് വിവാദ വിഷയത്തിൽ വിശദീകരണം നൽകേണ്ടി വന്നാലും ​ഉദ്യോ​ഗസ്ഥരെ ദൂതനായി അയയ്ക്കാൻ സാധിക്കില്ല എന്ന് ചുരുക്കം. എന്തായാലും ​ഗവർണറുടെ ആവശ്യം നിരസിച്ച് സർക്കാർ പണി ചോദിച്ച് വാങ്ങിയതെന്ന് പറയാതെ വയ്യ. അത് മാത്രവുമല്ല രാജ്ഭവന് വിശദീകരണം നൽകാത്തതും ഉദ്യോഗസ്ഥരെ അതിൽനിന്ന് വിലക്കുന്നതും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണെന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ വിവാദപരാമർശത്തിൽ വിശദീകരണം തേടി സെപ്റ്റംബർ 10-ന് താൻ കത്തുനൽകിയെങ്കിലും ഒക്ടോബർ എട്ടിന് മാത്രമാണ് മറുപടിനൽകിയത്. കത്ത് അവഗണിക്കുകയും തന്നിൽനിന്ന് വിവരങ്ങൾ മറച്ചുവെക്കുകയുമായിരുന്നെന്ന്‌ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഈ സാഹചര്യത്തിലാണ് താൻ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി രാജ്ഭവന് വിശദീകരണം നൽകുന്നില്ലെന്നുമാത്രമല്ല ഉദ്യോഗസ്ഥരെ അതിന് അനുവദിക്കുന്നുമില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം രാഷ്ട്രപതിയെ അറിയിക്കുക തന്റെ ഉത്തരവാദിത്വമാണ്. ദേശവിരുദ്ധപ്രവർത്തനം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത് മുഖ്യമന്ത്രിയാണ്. ഇക്കാര്യം തന്നെ അറിയിക്കാത്തതെന്താണെന്നാണ് താൻ ചോദിച്ചത്. ദേശവിരുദ്ധപ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നാണ് തനിക്ക് നൽകിയ കത്തിൽ മുഖ്യമന്ത്രി പറയുന്നത്. ഇതേ കത്തിൽത്തന്നെ സ്വർണക്കള്ളക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന് പറയുന്നുണ്ടെന്നും ഇതിൽ വൈരുധ്യമുണ്ടെന്നും മാധ്യമങ്ങൾക്കുമുന്നിൽ മുഖ്യമന്ത്രിയുടെ മറുപടി വായിച്ച് ഗവർണർ പറഞ്ഞു.

അതേസമയം വിവാദപരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്നതിനുള്ള നടപടികളും രാജ്ഭവൻ ആരംഭിച്ചിട്ടുണ്ട്. നിയമനിർമാണത്തിനുള്ള കരട് ബില്ലുകളിലും ഓർഡിനൻസിലും വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയെയും വകുപ്പ് സെക്രട്ടറിമാരെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിക്കാറുണ്ട്. ഔദ്യോഗിക, നിയമ തലങ്ങളിൽ വിശദീകരണം നൽകാൻ മന്ത്രിമാരെക്കാൾ വകുപ്പ് സെക്രട്ടറിമാർക്കാണ് കഴിയുക. മിക്കപ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ ഗവർണറെ സന്ദർശിക്കുമ്പോൾ വകുപ്പ് സെക്രട്ടറിമാരെ കൂട്ടാറുമുണ്ട്. രണ്ടാഴ്ചമുൻപും ഓർഡിനൻസിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയെയും നിയമസെക്രട്ടറിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments