മലയാള വാര്‍ത്താ ചാനലുകളുടെ ബാര്‍ക് മത്സരത്തില്‍ മറ്റുള്ളവരെ ഞെട്ടിച്ച് റിപ്പോര്‍ട്ടര്‍ ടിവി. ഏഷ്യനെറ്റ് ന്യൂസിന് തൊട്ട് പിന്നാലെ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ് റിപ്പോര്‍ട്ടര്‍ ടി.വി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത സമയത്ത് റേറ്റിങില്‍ ഒന്നാം സ്ഥാനത്ത് പോയ 24 ന്യൂസിന് പിന്നീട് രണ്ടാം സ്ഥാനം കൂടി നഷ്ടപ്പെടുന്ന കാഴ്ച്ചയാണ് സംഭവിച്ചത്. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് 24ന്റെ സ്ഥാനം. വാര്‍ത്ത ചാനലുകളില്‍ ഏഷ്യാനെറ്റ് ന്യൂസിന് ദീര്‍ഘകാല വെല്ലുവിളി ഉയര്‍ത്താൻ മറ്റ് ചാനലുകള്‍ക്ക് ആകുന്നില്ലെങ്കിലും റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ കുതിപ്പ് ഏഷ്യാനെറ്റിനെയും ഞെട്ടിച്ചിരിക്കുകയാണ്.
40 – ആം ആഴ്ചയിലും 97 പോയിന്റ് നേടി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്താണെങ്കിലും വെല്ലുവിളികൾക്കിടയിലൂടെയാണ് ഇവർ ഇപ്പോൾ മുന്നോട്ട് പോകുന്നത്. വെറും രണ്ട് പോയിന്റ് വ്യത്യാസത്തിൽ റിപ്പോർട്ടർ ചാനൽ തൊട്ടുപിന്നാലെയാണുള്ളത്. ഇത് കടുത്ത വെല്ലുവിളിയാണ് ഏഷ്യാനെറ്റിന് സൃഷ്ടിച്ചിരിക്കുന്നത്. ആഗസ്റ്റിൽ ഒന്നാം സ്ഥാനം നേടി ടി ആർ പിയിൽ കുതിച്ചെത്തിയ 24 ന്യൂസ് ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കുവാണ്. 78 പോയിന്റുകളാണ് 24 ന്റേത്.
അതേസമയം, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യവേ, ഈ ആഴ്ച 7 ചാനലുകളുടെ റേറ്റിംഗ് വർധിച്ചിരിക്കുയാണ്. ഇതിൽ ഏറ്റവും ഉയർന്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത് റിപ്പോർട്ടർ ടി വി യാണ്. വെച്ചടി വെച്ചടി കയറ്റമാണ് ഇവർ നടത്തുന്നത്. കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് 5 പോയിന്റുകളുടെ വർധനവാണ് ഇവർക്ക് ഉണ്ടായിരിക്കുന്നത്. എന്നാൽ ഏഷ്യാനെറ്റിന് വെറും രണ്ട് പോയിന്റുകൾ മാത്രമാണ് മുന്നോട്ട് വരാൻ സഹായകരമായിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസ് 76 പോയിന്റിൽ നിന്ന് 78 പോയിന്റായിട്ട് ഉയർന്നു. ട്വന്റിഫോർ ന്റെ പ്രേക്ഷകരെ തങ്ങളിലേക്ക് ആകർഷിക്കുവാൻ റിപ്പോർട്ടർ ടി വിയ്ക്ക് സാധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ ഈ ആഴ്ച കാര്യമായ റേറ്റിംഗ് നേടാൻ സാധിക്കാത്ത ചാനൽ മാതൃഭുമിയാണ്. കഴിഞ്ഞ ആഴ്ച 37 പോയിന്റുകളിൽ ഉണ്ടായിരുന്ന ചാനൽ റേറ്റിംഗ് മാറ്റമില്ലാതെ തുടരുകയാണ്. അഞ്ചാം സ്ഥാനത്താണ് മാതൃഭൂമി ഉള്ളത്. നാലാം സ്ഥാനത്തുള്ള മനോരമ കഴിഞ്ഞ ആഴ്ച 43 പോയിന്റുകളിൽ ആയിരുന്നുവെങ്കിൽ ഇത്തവണ 1 പോയിന്റ് നേടി 44 പോയിന്റായി മുന്നേറിയിരിക്കുകയാണ്. ആറാം സ്ഥാനത്തുള്ള ജനം ടിവി പ്രകടനത്തിൽ ഇത്തവണ പുരോഗതി കാഴ്ചവെച്ചിരിക്കുകയാണ്. 19 പോയിന്റുകളായിരുന്ന ഇവർ 21 പോയിന്റ് നേടിയിരിക്കുകയാണ്.
കൈരളി ന്യൂസ് രണ്ട് പോയിന്റ് വർധിച്ച് 20 പോയിന്റിലെത്തിയിട്ടുണ്ട്. ന്യൂസ്18 കേരള 15 പോയിന്റില്‍ നിന്ന് 17 ആയി എത്തുകയും മീഡിയവണ്‍ 10 പോയിന്റ് നേടി ഏറ്റവും പുറകിൽ തുടരുകയാണ്.