ഡല്‍ഹി: പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദര്‍ശിച്ചപ്പോള്‍ ജശോരേശ്വരി കാളി ക്ഷേത്രത്തിന് നല്കിയ കിരീടം മോഷണം പോയി.സ്വര്‍ണ്ണവും വെള്ളവും പൂശിയ കിരീടമാണ് 2021ലെ ബംഗ്ലാദേശ് സന്ദര്‍ശന വേളയില്‍ മോദി സമ്മാനിച്ചത്.വിഷയത്തില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തുന്നുവെന്നും അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ബംഗ്ലാദേശ് സര്‍ക്കാരിനോട് ഇന്ത്യന്‍ ഹൈക്കമ്മീഷന് ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് പര്യടനത്തിന്റെ ഭാഗമായി 2021 മാര്‍ച്ച് 27 നാണ് പ്രധാനമന്ത്രി മോദി ജശോരേശ്വരി ക്ഷേത്രം സന്ദര്‍ശിക്കാനെ ത്തിയത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടും അതിന്റെ സ്ഥാപക നേതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ദിദിനവുമായിരുന്നു അത്. ഹിന്ദുമത വിശ്വാസപ്രകാരം 52 ശക്തിപീഠങ്ങളില്‍ ഒന്നാണ് (ദേവിയുടെ ഇരിപ്പിടങ്ങള്‍) ഈ ക്ഷേത്രം.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ ആക്രമണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ധകേശ്വരി ക്ഷേത്രം സന്ദര്‍ശിച്ച് എല്ലാവര്ക്കും നീതിയും തുല്യാവകാശവും ഉറപ്പുനല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.