രാജസ്ഥാന്‍: മക്കളുടെയും മരുമക്കളുടെയും ഉപദ്രവം താങ്ങാനാകാതെ വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. രാജസ്ഥാനിലെ നാഗൗറില്‍ താമസിച്ചിരുന്ന 70 വയസുള്ള ഹസാരിറാം ബിഷ്ണോയിയും ഭാര്യ 68 കാരിയായ ചാവാലി ദേവിയുമാണ് ജലസംഭരണിയില്‍ ചാടി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുന്‍പ് മക്കളും മരുമക്കളും തങ്ങളെ പീഡിപ്പിച്ചതും ശാരീരികവും മാനസികവുമായി ഉപദ്രവിച്ചതുമൊക്കെ കുറിപ്പായി എഴുതി ഭിത്തിയില്‍ ഒട്ടിച്ച് വെച്ചിരുന്നു. ഹസാരിറാമിന്റെയും ചവാലിയുടെയും വീട്ടില്‍ നിന്ന് ശബ്ദമോ ആളനക്കമോ ഇല്ലാതായപ്പോള്‍ പ്രദേശവാസികള്‍ അന്വേഷണം നടത്തിയിരുന്നു. അപ്പോഴാണ് ജല സംഭരണിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് നാഗൗര്‍ പോലീസ് സൂപ്രണ്ട് നാരായണ്‍ ടോഗാസ് പറഞ്ഞു.
രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമായിരുന്നു ദമ്പതികള്‍ക്കുണ്ടായിരുന്നത്. മാത്രമല്ല, ദമ്പതികള്‍ക്കും കാറും വീടുമുള്‍പ്പടെ സ്വത്തുക്കളും ഉണ്ടായിരുന്നു.ദമ്പതികളെ കബളിപ്പിച്ച് അവരുമായി വഴക്കുണ്ടാക്കി കുറച്ച് സ്വത്തുക്കളും ഒരു കാറിന്റെയും കര്‍ണിയിലെ വീടിന്റെയും ഉടമസ്ഥാവകാശം മക്കളും മരുമക്കളും തട്ടിയെടുത്തു. പിന്നാലെ ഇളയമകന്‍ രാജേന്ദ്ര മൂന്ന് തവണ ദമ്പതികളെ മര്‍ദിച്ചിരുന്നു. മറ്റൊരു മകനായ സുനിലും ഇത് ചെയ്തിരുന്നുവെന്നും ദമ്പതികള്‍ കുറിപ്പില്‍ പറഞ്ഞു. മക്കളുടെയും മരുമക്കളുടെയും പീഡനത്തിനെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പരാതി നല്‍കുകയോ ആരോടെങ്കിലും ഇക്കാര്യം പറയുകയോ ചെയ്താല്‍ ഉറക്കത്തില്‍ കൊല്ലുമെന്ന് ഭീഷണി പെടുത്തിയിരുന്നുവെന്നും ദമ്പതികള്‍ കുറിപ്പില്‍ വ്യക്തമാക്കി.
രാജേന്ദ്ര, ഭാര്യ റോഷ്നി, സുനില്‍, ഭാര്യ അനിത, മകന്‍ പ്രണവ്, ഒപ്പം ദമ്പതികളുടെ പെണ്‍മക്കളായ മഞ്ജുവും സുനിതയും കൂടാതെ ഏതാനും ബന്ധുക്കളുടെയും പേരുകള്‍ കുറിപ്പിലുണ്ട്. ഇവരെല്ലാം തങ്ങള്‍ക്കുള്ള ബാക്കി സ്വത്തും കൈക്കലാക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. സ്വത്ത് വാങ്ങിയ ശേഷം ദമ്പതികളെ സംരക്ഷിക്കാനോ ഭക്ഷണം നല്‍കാനോ മക്കളും മരുമക്കളും ഒരുക്കമായിരുന്നില്ല. ഒരു പാത്രമെടുത്ത് തെണ്ടുക, ഞാന്‍ ഭക്ഷണം തരില്ല, എന്ന് മകന്‍ പറഞ്ഞിരുന്നുവെന്ന് കുറിപ്പില്‍ എടുത്ത് പറയുന്നു.
ഹസാരിറാമും ചവാലിയും തനിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.’വീടിന്റെ താക്കോല്‍ ഹസാരിറാമിന്റെ പോക്കറ്റില്‍ നിന്നാണ് കണ്ടെത്തിയത്. വീടിനുള്ളിലെ സിസിടിവി ക്യാമറ ഉണ്ടെന്നും അതിലെ വീഡിയോ റെക്കോര്‍ഡിംഗ് കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.