ഡൽഹി : സംസ്ഥാനങ്ങൾക്കായുള്ള നികുതി വിഹിത തുക അനുവദിച്ച് കേന്ദ്ര സർക്കാർ. 1,78,173 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്കായി കേന്ദ്രം അനുവദിച്ചത്. വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്ത് മൂലധന ചെലവ് ത്വരിതപ്പെടുത്താൻ എന്ന രീതിയിൽ 89,086.50 കോടി രൂപയുടെ മുൻകൂർ ഗഡു ഉൾപ്പെടെയാണ് കേന്ദ്രം 1,78,173 കോടി രൂപ നികുതി വിഭജനത്തിൽ അനുവദിച്ചത്.
ഇത് പ്രകാരം 3,430 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭ്യമാകും. സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തിൽ മുൻഗഡു ഉൾപ്പെടെ കിട്ടുന്ന 3,430 കോടി കേരളത്തെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്.
കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്ക് പ്രകാരം ഏറ്റവും ഉയർന്ന വിഹിതം ലഭിക്കുന്നത് മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ്. യഥാക്രമം 13,987 കോടി രൂപയും 13,404 കോടി രൂപയുമാണ് രണ്ട് സംസ്ഥാനങ്ങൾക്കുമായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്.